Sorry, you need to enable JavaScript to visit this website.

ജോലി സമയത്തിനുശേഷം ശല്യം ചെയ്യരുത്; തൊഴിലാളികള്‍ക്കുവേണ്ടി ഒരു ബില്‍

ന്യുദല്‍ഹി- പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ പാസാകുകയാണെങ്കില്‍ രാജ്യത്തെ തൊഴിലാളികള്‍ക്ക് കൈവരുന്നത് പുതിയൊരു അവകാശമായിരിക്കും. ഓഫീസ് സമയത്തിനുശേഷം വരുന്ന ജോലി സംബന്ധമായ ഫോണ്‍ കോളുകള്‍ക്കും ഇമെയിലുകള്‍ക്കും മറുപടി നല്‍കേണ്ടി വരില്ല.

എന്‍.സി.പി അംഗം സുപ്രിയ സുലേയാണ് ഡിസ്‌കണക്ട് ചെയ്യാനുള്ള അവകാശം സംബന്ധിച്ച ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജോലി സമയം കഴിഞ്ഞാലും അവധി ദിനങ്ങളിലും കോളുകളും ഇമെയിലുകളും നിരാകരിക്കുന്നതിനുള്ള അവകാശം സ്ഥാപിക്കുന്നതിന് എംപ്ലോയീസ് വെല്‍ഫെയര്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ബില്ലില്‍ ആവശ്യപ്പെടുന്നു.

തൊഴില്‍ സമയത്തിനുശേഷം തൊഴിലുടമ വിളിച്ചാല്‍ അതിനു മറുപടി നല്‍കേണ്ടതില്ലെന്നതാണ് ഡിസ്‌കണക്ട് ചെയ്യാനുള്ള അവകാശം. ഇങ്ങനെ മറുപടി നല്‍കാത്ത തൊഴിലാളിക്കെതിരെ അച്ചടക്ക നടപടികളൊന്നും പാടില്ല.
നിലവില്‍ ലോകത്ത് ഫ്രാന്‍സില്‍ മാത്രമാണ് ഇത്തരമൊരു നിയമം പ്രാബല്യത്തിലുള്ളത്. ജോലി സമയത്തിനുശേഷം ഓഫീസ് കാര്യങ്ങളില്‍നിന്ന് സ്വതന്ത്രമാകുന്ന റൈറ്റ് റ്റു ഡിസ്‌കണട് നിയമം അവിടെ 2017ലാണ് പാസാക്കിയത്.

ജോലി ആവശ്യാര്‍ഥവും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഫോണും ഇന്റര്‍നെറ്റുമടക്കമുള്ള ഡിജിറ്റല്‍ ഉപയോഗം കുറയ്ക്കുന്നതിന് തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും സുപ്രിയ അവതരിപ്പിച്ച ബില്‍ നിര്‍ദേശിക്കുന്നു.

 

Latest News