Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിയുടെ ദുബായ് സന്ദര്‍ശനം: ദമാമില്‍നിന്ന് പ്രത്യേക ബസ്

ദമാം- മഹാത്മാ ഗാന്ധിയുടെ നൂറ്റിഅമ്പതാമത് ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ് ദമാമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
2019 സഹിഷ്ണുതാ വര്‍ഷമായി യു.എ.ഇ ആചരിക്കുന്ന വേളയില്‍ തന്നെ മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിക്ക് വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പരമാവധി യു.ഡി.എഫ് പ്രവര്‍ത്തകരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുവാന്‍ ഏതാനും ദിവസങ്ങളായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, സെക്രട്ടറി ഹിമാന്‍ഷു വ്യാസു, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം.കെ.രാഘവന്‍, കേരളത്തില്‍ നിന്നുള്ള മറ്റു നേതാക്കളായ കെ. മുരളീധരന്‍, കെ. സുധാകരന്‍, എന്‍.സുബ്രമണ്യന്‍, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, പി.ടി അജയമോഹന്‍, അഡ്വ. കെ.പ്രവീണ്‍ കുമാര്‍, അഡ്വ. ടി.സിദ്ദിഖ് എന്നിവര്‍ പങ്കെടുക്കുന്ന നിരവധി പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടന്നു കഴിഞ്ഞു. ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി ആകടിംഗ് പ്രസിഡന്റ്് ഹനീഫ് റാവുത്തര്‍, ജനറല്‍ സെക്രട്ടറി ഇ.കെ. സലിം, ട്രഷറര്‍ റഫീഖ് കൂട്ടിലങ്ങാടി എന്നിവരുടെ നേതൃത്വത്തില്‍ ദമാമില്‍ നിന്നും പരമാവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ദുബായിലെത്തിക്കാനുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി.
ഒഐസിസി ദമാം റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ഏര്‍പ്പെടുത്തിയ ഒരു ബസ് വ്യാഴാഴ്ച രാത്രി ഒന്‍പത് മണിക്ക് ദമാം ബദര്‍ അല്‍ റാബി മെഡിക്കല്‍ സെന്റര്‍ പരിസരത്തുനിന്ന് പുറപ്പെടും.

 

Latest News