Sorry, you need to enable JavaScript to visit this website.

തിരിച്ചെത്തിയ സിബിഐ മേധാവി അലോക് വര്‍മ വിവാദ സ്ഥലമാറ്റങ്ങള്‍ റദ്ദാക്കി

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് തള്ളി സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സിബിഐ മേധാവി പദവിയില്‍ തിരിച്ചെത്തിയ അലോക് വര്‍മ ചുമതലയേറ്റതിനു പിന്നാലെ വിവാദ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കി. വര്‍മയ്ക്കു പകരം കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഇടക്കാല മേധാവി എം നാഗേശ്വര്‍ റാവുവിന്റെ ഉത്തരവുകളാണ് ബുധനാഴ്ച അലോക് വര്‍മ റദ്ദാക്കിയത്. വര്‍മയുടെ ടീമിലെ 10 ഓഫീസര്‍മാരേയാണ് റാവു സ്ഥലം മാറ്റിയിരുന്നത്. ഇവരില്‍ വിവാദത്തിലുള്‍പ്പെട്ട സിബിഐ ഉപമേധാവി രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു. മൂന്നു മാസത്തിനു ശേഷമാണ് അലോക് വര്‍മ വീണ്ടും സിബിഐ ഓഫീസിലെത്തിയത്.

പ്രധാനമന്ത്രി മോഡിയുടെ കണ്ണിലുണ്ണി എന്നു വിശേഷിപ്പിക്കപ്പെടുന്ന രാകേഷ് അസ്താന ഉള്‍പ്പെട്ട അഴിമതി കേസിനെ ചൊല്ലി വര്‍മയും അസ്താനയും തമ്മിലുള്ള പോര് രൂക്ഷമായതിനെ തുടര്‍ന്ന് ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇരുവരേയും ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ബന്ധ അവധിയില്‍ വിട്ടത്. ഈ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച വര്‍മയെ കഴിഞ്ഞ ദിവസമാണ് കോടതി വീണ്ടും സിബിഐ മേധാവി പദവിയില്‍ പുനസ്ഥാപിച്ചത്. വര്‍മയുടെ പദവി സംബന്ധിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കുന്നതു വരെ നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് യോഗം ചേര്‍ന്ന ഈ സമിതി വ്യാഴാഴ്ച വീണ്ടും യോഗം ചേരുന്നുണ്ട്. ഒരാഴ്ച്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ മാസം 31-നാണ് വര്‍മ വിരമിക്കുന്നത്.
 

Latest News