Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ ബ്രഹ്മോസിനെ വെല്ലുന്ന വജ്രായുധം പാക്കിസ്ഥാന്; അണിയറയില്‍ ഒരുങ്ങുന്നത് ചൈനീസ് മിസൈല്‍

ന്യൂദല്‍ഹി- ഇന്ത്യന്‍ പ്രതിരോധത്തിന്റെ കുന്തമുനയായ ബ്രഹ്മോസ് ക്രൂസ് മിസൈലുകളെ വെല്ലുന്ന കരുത്തുറ്റ മിസൈലുകള്‍ ചൈന പാക്കിസ്ഥാന് നല്‍കുന്നു. പാക്കിസ്ഥാന്‍ നാവിക സേനയ്ക്കു വേണ്ടി ചൈന നിര്‍മ്മിക്കുന്ന നാലു പുതിയ യുദ്ധക്കപ്പലുകളില്‍ പ്രധാന ആയുധമായി ഉപയോഗിക്കുന്നത് ചൈനീസ് മിസൈലായ വൈജെ-12ന്റെ കയറ്റുമതി വകഭേദമായ സിഎം-302 ആയിരിക്കുമെന്നാണ് റിപോര്‍ട്ട്. ഷാങ്ഹായിലെ ഹുഡോങ്-ഷോങ്വ കപ്പല്‍ശാലയിലാണ് ഇവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇന്ത്യന്‍ നാവിക സേനയുടെ പക്കലുള്ള സൂപ്പര്‍സോണിക് വേഗതയും കരുത്തുമുള്ള ബ്രഹ്മോസ് കപ്പലാക്രമണ മിസൈലുകള്‍ക്ക് സമാന കരുത്തുള്ളവയാണ് സിഎം-302 മിസൈലുകള്‍. 2005 മുതല്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് പാക്കിസ്ഥാനു മേലുള്ള മേല്‍ക്കൈ ഈ മിസൈലുകളുടെ അവതരണതതോടെ അവസാനിച്ചേക്കും. 

പാക്കിസ്ഥാനു വേണ്ടി ചൈന നിര്‍മ്മിക്കുന്ന പുതുതലമുറ ടൈപ്പ് 054 യുദ്ധക്കപ്പലുകള്‍ സിഎം-302 മിസൈലുകളാല്‍ സജ്ജമായിരിക്കുമെന്നും ഈ പുതിയ കരുത്ത് പുതിയ ഭീഷണിയായി കണക്കാക്കുന്നതായും ബന്ധപ്പെട്ട പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് ഒരു ഭീഷണിയാകാന്‍ ഇവ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. ദീര്‍ഘ ദൂര പരിധിയുള്ള സെന്‍സറുകള്‍ പാക്കിസ്ഥാന് ഇല്ല. സിഎം-302 മിസൈലുകള്‍ തൊടുത്തുവിടുന്നതിന് മുമ്പ് ഉന്നം പിടിക്കാന്‍ ഇത്തരം സെന്‍സറുകള്‍ അത്യാവശ്യമാണ്. ലക്ഷ്യം സംബന്ധിച്ച കൃത്യമായ വിവരം, നിരീക്ഷണ ശേഷി, അതീവ സുരക്ഷിതമായ ഇന്ത്യന്‍ നാവിക സേനയുടെ ഇലക്ട്രോണിക് പ്രതിരോധ വലയം തുടങ്ങിയവയെല്ലാം സങ്കീര്‍ണമായ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായുണ്ട്. ഇതു മറികടന്ന് മിസൈലാക്രമണം എതിരാളികള്‍ക്ക് ദുഷ്‌ക്കരമാണ്. പാക്കിസ്ഥാനു വേണ്ടി ചൈന നിര്‍മ്മിക്കുന്ന ഈ യുദ്ധക്കപ്പലുകള്‍ 2021-ഓടെ മാത്രമെ പാക് നാവിക സേനയുടെ ഭാഗമാകൂ.

300 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ചൈനീസ് വൈജെ-12 മിസൈലുകള്‍ക്ക് ശബ്ദവേഗതയുടെ മൂന്നിരട്ടി വേഗതയുണ്ട്. ദൂരപരിധിയേക്കാള്‍ ഇവയുടെ വേഗതയാണ് മുഖ്യആകര്‍ഷണം. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ക്കും ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 400 കിലോമീറ്റര്‍ ദൂരപരിധിയുമുണ്ട്.
 

Latest News