Sorry, you need to enable JavaScript to visit this website.

ദേശീയ പണിമുടക്ക്: രണ്ടാം ദിനത്തിൽ ആവേശം ചോർന്ന്  ട്രേഡ് യൂണിയൻ നേതാക്കൾ

പണിമുടക്കിന്റെ രണ്ടാം ദിവസം ഉച്ചയോടെ ആളൊഴിഞ്ഞ കൽപറ്റയിലെ പന്തൽ 

കൽപറ്റ-കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത  ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ ആവേശം ചോർന്ന് ട്രേഡ് യൂണിയൻ നേതാക്കൾ. പണിമുടക്കിന്റെ ആദ്യദിനത്തിലെ   ഉത്സാഹം ഇന്നലെ വയനാട്ടിൽ  എവിടെയും  നേതാക്കളിൽ പ്രകടമായില്ല. ജില്ലാ ആസ്ഥാനത്തെ ധർണ ഉച്ചയോടെ അവസാനിപ്പിച്ചു. രണ്ടു ദിവസവും പകൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്നാണ് വിവിധ യൂണിയൻ നേതാക്കൾ നേരത്തേ അറിയിച്ചിരുന്നത്. 
പണിമുടക്ക് ഇന്നലെയും ജനജീവിതത്തെ ബാധിച്ചു. കെ.എസ്.ആർ.ടി.സിയുടേതടക്കം ബസുകൾ സർവീസ് നടത്താതിരുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്.  സർക്കാർ ഓഫീസുകളിൽ ഹാജർനില ഇന്നലെയും നാമമാത്രമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. കൽപറ്റ, ബത്തേരി, മാനന്തവാടി ടൗണുകളിൽ ആദ്യദിനത്തെ അപേക്ഷിച്ചു കൂടുതൽ കടകൾ തുറന്നു പ്രവർത്തിച്ചു. പുൽപള്ളിയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. മുട്ടിൽ ഉൾപ്പെടെ ചെറിയ അങ്ങാടികളിൽ കച്ചവട സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിച്ചു. പണിമുടക്കിന്റെ രണ്ടാം ദിനവും ജില്ലയിലെ പ്രധാന ടൗണുകളിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. അക്രമ സംഭവങ്ങൾ ജില്ലയിൽ എവിടെയും ഉണ്ടായില്ല. ഇരുചക്ര, നാൽച്ചക്ര വാഹനങ്ങൾ തടസ്സമില്ലാതെ ഓടി. 

Latest News