Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ അടി ആത്മഹത്യാ പ്രേരണയായി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

ന്യുദല്‍ഹി- ഒരാളെ സ്വന്തം ഭാര്യ മറ്റുള്ളവരുടെ മുന്നിലിട്ട് അടിച്ചത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ അടിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്ന കേസില്‍ യുവതിയെ കുറ്റവിമുക്തയാക്കി കോടതി ഉത്തരവിട്ടു. ഭാര്യയുടെ അടിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു യുവതിക്കെതിരായ കേസ്. സാധാരണ സാഹചര്യങ്ങളില്‍ ഭര്‍ത്താവിനെ അടിച്ചു എന്നതു ഒരിക്കലും ഭര്‍ത്താവിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന പ്രവര്‍ത്തിയല്ല. ഇതിന്റെ പേരില്‍ യുവതിക്കെതിരായ നിയമനടപടികള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും അത് യുവതിയോടുള്ള ഉപദ്രവം മാത്രമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് പറഞ്ഞ വിചാരണ കോടതിക്ക് പിഴവ് സംഭവിച്ചെന്നും കീഴ്‌ക്കോടതിയുടെ 2017 മാര്‍ച്ചിലെ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

യുവതിയും ആത്മഹത്യ ചെയ്ത ഭര്‍ത്താവും തമ്മിലുള്ള വിവാഹം 2015 ഫെബ്രുവരിയിലായിരുന്നു. മാസങ്ങള്‍ക്കു ശേഷം ഇരുവര്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാകുകയും യുവതി ഭര്‍ത്താവിന്റെ വീട് വിടുകയും ചെയ്തു. ഓഗസ്റ്റ് രണ്ടിനാണ് ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു. യുവാവിന്റെ മുറിയില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പു പ്രകാരം പോലീസ് ഭാര്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയായിരുന്നു. 2015 ജൂലൈ 31-ന് യുവതി ഭര്‍ത്താവിനെ അടിച്ചതായും തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിന് ആത്മഹത്യ ചെയ്‌തെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി യുവതിക്കുമേല്‍ പ്രേരണാ കുറ്റം ചുമത്തിയത്.  ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രൊസിക്യൂഷന്‍ പരിഗണിച്ച ആത്മഹത്യാ കുറിപ്പില്‍ അടിച്ച സംഭവം പരാമര്‍ശിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിന് തന്റെ മാനസിക പ്രശ്‌നങ്ങളുള്ള സഹോദരന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്ന യുവതിയുടെ ആരോപണം കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
 

Latest News