Sorry, you need to enable JavaScript to visit this website.

സൗദി ജീവനക്കാരന് ശമ്പളം നല്‍കിയില്ല; സ്വകാര്യ കമ്പനിക്ക് 25,000 റിയാല്‍ പിഴ

ദമാം - വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും നൽകുന്നതിന് കരുതിക്കൂട്ടി കാലതാമസം വരുത്തി സൗദി ജീവനക്കാരനെ വട്ടംകറക്കിയ സ്വകാര്യ കമ്പനിക്ക് ദമാം ലേബർ കോടതി 25,000 റിയാൽ പിഴ ചുമത്തി. സൗദിയിൽ ആദ്യമായാണ് ഇത്തരമൊരു കേസിൽ ലേബർ കോടതി സ്വകാര്യ കമ്പനിക്ക് പിഴ ചുമത്തുന്നത്. പിഴ സംഖ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയിൽ അടക്കണമെന്ന് കോടതി ഉത്തരവിട്ടു. വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും അടക്കം 54,000 റിയാൽ എത്രയും വേഗം കമ്പനി തൊഴിലാളിക്ക് വിതരണം ചെയ്യണമെന്നും കോടതി കർശന നിർദേശം നൽകി. 
കമ്പനിയുമായുള്ള പ്രശ്‌നത്തിന് രമ്യമായി പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സൗദി ജീവനക്കാരൻ ദമാം ലേബർ കോടതിയെ സമീപിച്ചത്. ജോലിയിൽ നിന്ന് രാജിവെച്ച തനിക്ക് കമ്പനി വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും നൽകുന്നില്ലെന്ന് സൗദി പൗരൻ പരാതിയിൽ വ്യക്തമാക്കി. സർവീസ് ആനുകൂല്യവും പ്രയോജനപ്പെടുത്താത്ത വാർഷിക ലീവ് ഇനത്തിലെ അലവൻസും നാലു മാസത്തെ വേതന കുടിശ്ശികയുമാണ് പരാതിക്കാരന് കമ്പനിയിൽ നിന്ന് ലഭിക്കാനുള്ളത്. 
പരാതിക്കാരന്റെ വാദങ്ങൾക്ക് മറുപടി നൽകുന്നതിന് ആദ്യ സിറ്റിംഗിൽ കമ്പനി പ്രതിനിധി സാവകാശം തേടി. രണ്ടാമത്തെ സിറ്റിംഗിലും കമ്പനി പ്രതിനിധി സാവകാശം തേടിയെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. തുടർന്ന് വാദം പൂർത്തിയാക്കി കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. വേതന കുടിശ്ശിക ഇനത്തിൽ 25,000 റിയാലും സർവീസ് ആനുകൂല്യമായി 20,000 റിയാലും പ്രയോജനപ്പെടുത്താത്ത ലീവുകളുടെ വകയിൽ 9,000 റിയാലും അടക്കം ആകെ 54,000 റിയാൽ മുൻ ജീവനക്കാരന് കമ്പനി നൽകണമെന്നാണ് കോടതി വിധിച്ചത്. സർവീസ് ആനുകൂല്യവും വേതന കുടിശ്ശികയും നൽകുന്നതിന് കരുതിക്കൂട്ടി കാലതാമസം വരുത്തിയ കമ്പനിക്ക് കോടതി 25,000 റിയാൽ പിഴ ചുമത്തുകയും ചെയ്തു. 
കഴിഞ്ഞ മാസം മുതലാണ് സൗദിയിൽ ലേബർ കോടതികൾ പ്രവർത്തനം തുടങ്ങിയത്. തൊഴിൽ കേസുകളിൽ വിചാരണ വേഗത്തിലാക്കുന്നതിനും ബന്ധപ്പെട്ട കക്ഷികൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനും ശ്രമിച്ചാണ് നീതിന്യായ മന്ത്രാലയത്തിനു കീഴിൽ ലേബർ കോടതികൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു മുമ്പ് ലേബർ ഓഫീസുകൾക്കു കീഴിലെ തർക്ക പരിഹാര സമിതികളാണ് ലേബർ കോടതികളെ പോലെ പ്രവർത്തിച്ചിരുന്നത്. 
 

Latest News