റിയാദ് - സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ അവലംബിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി കമ്പനിക്കു കീഴിൽ ടാക്സി സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന സൗദി യുവാവിന്റെ കാർ തട്ടിയെടുത്ത് അഗ്നിക്കിരയാക്കിയവർക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം നടത്തുന്നു. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ആപ്പ് വഴി ടാക്സി സേവനം തേടിയതു പ്രകാരം നിശ്ചിത സ്ഥലത്ത് എത്തിയ തന്റെ കാറിൽ നാലു പേർ കയറുകയായിരുന്നെന്ന് അസീസിയ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സൗദി യുവാവ് പറഞ്ഞു. അൽപദൂരം പിന്നിട് ഏറെക്കുറെ വിജനമായ സ്ഥലത്ത് എത്തിയതോടെ യാത്രക്കാർ തന്നെ മർദിച്ച് കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നെന്ന് യുവാവ് പറഞ്ഞു.
യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് അതേ ദിവസം വൈകീട്ട് സമീപത്തെ മറ്റൊരു ഡിസ്ട്രിക്ടിൽ വിജനമായ സ്ഥലത്ത് കാർ അഗ്നിക്കിരയാക്കിയ നിലയിൽ കണ്ടെത്തി. തെളിവ് നശിപ്പിക്കുന്നതിനു വേണ്ടിയാണ് സംഘം കാർ അഗ്നിക്കിരയാക്കിയതെന്നാണ് കരുതുന്നത്. തന്റെ ഏക വരുമാന മാർഗമാണ് നാലംഗ സംഘം ഇല്ലാതാക്കിയതെന്നും ഇവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നീതിപീഠത്തിനു മുന്നിൽ ഹാജരാക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.
സമാന രീതിയിൽ കാർ തട്ടിയെടുത്ത മറ്റൊരു സംഘത്തെ കഴിഞ്ഞ വെള്ളിയാഴ്ച റിയാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സൗദി പൗരന്റെ കാർ ഏതാനും പേരടങ്ങിയ സംഘം തട്ടിയെടുത്തത്. ഈ കേസിലെ പ്രതികളെ വൈകാതെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് റിയാദ് പോലീസിന് സാധിച്ചിരുന്നു.