ശ്രീനഗര്‍: സംസ്ഥാനത്ത് തുടരുന്ന സംഘര്‍ഷങ്ങള്‍ക്കും സൈനിക നടപടികള്‍ക്കുമിടയില്‍ കശ്മീരില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. 2010 ബാച്ചിലെ ഒന്നാം സ്ഥാനക്കാരനായ ഷാ ഫൈസലാണ് രാജി സമര്‍പ്പിച്ചത്. കശ്മീരില്‍ 'തുടര്‍ന്നു കൊണ്ടിരിക്കുന്ന' കൊലപാതകങ്ങളിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആത്മാര്‍ത്ഥമായ ഇടപെടല്‍ ഇല്ലാത്തതിലും പ്രതിഷേധിച്ച് ഞാന്‍ രാജി വെക്കുകയാണ്,' ഷാ ഫൈസല്‍ ഫേസ് ബുക്കിലും ട്വിറ്ററിലും കുറിച്ചു.
രാജ്യത്തെ ഇരുപത് മില്ല്യണ്‍ മുസ്ലിംകള്‍ ഹിന്ദുത്വ ശക്തികളുടെ കൈകളില്‍ കിടന്ന് രണ്ടാം തരം പൗരന്‍മാരായെന്നും ജമ്മു കശ്മീരിനെതിരെ ആസൂത്രിത അക്രമം നടക്കുന്നുവെന്നും അമിതദേശീയതയുടെ പേരില്‍ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
'ഭരണകൂടം പൊതുസ്ഥാപനങ്ങളായ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, സി.ബി.ഐ, ദേശീയ അന്വേഷണ ഏജന്‍സി എന്നിവയെ ഉപയോഗിച്ച് രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ നിര്‍ത്തണം,' ഫേസ്ബുക്ക് പോസ്റ്റ് പറഞ്ഞു.
വെളളിയാഴ്ച ഷാ ഫൈസല്‍ ഒരു പത്ര സമ്മേളനം വിളിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഭാവി പദ്ധതികള്‍ ഷാ ഫൈസല്‍ വിശദീകരിക്കും. അതിനിടെ, ഷാ ഫൈസലിനെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷാ ഫൈസലിനെ സ്വാഗതം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഉമര്‍ അബ്ദുളള ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ഉദ്യോഗസ്ഥരുടെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടം. ഷാ ഫൈസലിന് രാഷ്ട്രീയത്തിലേക്ക് സ്വാഗം' എന്നാണ് ഉമര്‍ അബ്ദുളള ട്വീറ്റ് ചെയ്തത്.