ന്യൂദൽഹി- അലോക് വർമയുടെ ഭാവിയെ പറ്റി തീരുമാനമെടുക്കാനായി രൂപീകരിച്ച ഉന്നത തല സെലക്ഷൻ സമിതിയിൽനിന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പുറത്തായി. സി.ബി.ഐ ഡയറക്ടറായി അലോക് വർമയെ വീണ്ടും നിയമിച്ച സുപ്രീം കോടതി ബഞ്ചിൽ ഗോഗോയ് ഉണ്ടായിരുന്നത് എന്നതാണ് കാരണം. തനിക്ക് പകരം, ജസ്റ്റിസ് എ.കെ. സിക്രിയെ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കാനായി നാമനിർദേശം നൽകി.
പരിമിതമായ അധികാരത്തോടെ സി.ബി.ഐ ഡയറക്ടറായി വീണ്ടും നിയമിതനായ അലാക് വർമയുടെ മേൽ ഏഴു ദിവസത്തിനകം തീരുമാനമെടുക്കാനാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്നയാളും അടങ്ങിയ സെലക്ഷൻ സമിതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 31ന് വിരമിക്കുന്ന അലോക് വർമയ്ക്കു ശേഷം അടുത്ത സി.ബി.ഐ ഡയറക്ടറെയും യോഗത്തിൽ തീരുമാനിക്കുമെന്ന് കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ജസ്റ്റിസ് സിക്രി എന്നിവരാണ് സെലക്ഷൻ സമിതിയിൽ ഉള്ളത്.
ഒക്ടോബർ 23ന് അർധരാത്രിയിലാണ് അലോക് വർമയോട് നിർബന്ധിത അവധിയിൽ പുറത്ത് പോകാൻ സർക്കാർ ആവശ്യപ്പെട്ടത്. ഇടക്കാല ഡയറക്ടറായി നാഗേശ്വർ റാവുവിനെ നിയമിക്കുകയും ചെയ്തു. രണ്ടു വർഷത്തെ സ്ഥിരീകൃത കാലാവധി സി.ബി.ഐ ഡയറക്ടർക്കുണ്ടെന്നും പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ പാനലിന് മാത്രമേ തന്നെ നീക്കാൻ അധികാരമുള്ളൂയെന്നും അദ്ദേഹം സുപ്രീം കോടതിയിൽ വാദിച്ചു.വാദം കോടതി അംഗീകരിക്കുകയും കാര്യങ്ങൾ തീരുമാനിക്കാനായി സെലക്ഷൻ പാനലിന് വിടുകയും ചെയ്തു.
വൻ അഴിമതി ആരോപിച്ചതിനെ തുടർന്ന് സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിർദേശപ്രകാരമാണ് വർമയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി രാകേഷ് അസ്താനയും നിർബന്ധിത അവധിയിൽ പുറത്തു പോകുന്നത്. വർമയുടെ പരാതിയിൻമേൽ, അദ്ദേഹത്തിനെതിരായ പരാതി പരിശോധിക്കാനും പ്രതികരണം ആരായാനും ഉന്നത കോടതി സെൻട്രൽ വിജിലൻസ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഓഫീസർമാരെ പുറത്താക്കിയ തീരുമാനത്തെ പ്രതിരോധിക്കാൻ 'അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനമെടുക്കേണ്ടി വരും' എന്നാണ് വിജിലൻസ് ബോഡി പറഞ്ഞത്. സി.ബി.ഐയുടെ സത്യസന്ധതയും വിശ്വാസ്യതയും വർധിപ്പിക്കാനുള്ള ഗവൺമെന്റിന്റെ തീരുമാനം എന്നാണ് ഇതിനെ കുറിച്ച് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലി ഇന്നലെ പ്രതികരിച്ചത്.
വർമ ജോലിയിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ കൂടെയുണ്ടായിരുന്ന ഡെപ്യൂട്ടി മേധാവി അസ്താന ഇപ്പോഴും പുറത്തു തന്നെയാണ്. മൂന്നു മാസത്തെ ഇടവേളക്ക് ശേഷം ഇന്ന് ആദ്യമായി ഡൽഹിയിലെ ഓഫീസിലേക്ക് വർമ തിരികെയെത്തി. ഇടക്കാല മേധാവി എം. നാഗേശ്വർ റാവു അദ്ദേഹത്തെ വാതിൽക്കലെത്തി സ്വീകരിച്ചു.
എഫ്. ഐ. ആർ ഫയൽ ചെയ്യാനും കൈമാറ്റം ചെയ്യാനും വർമയ്ക്ക് ഇപ്പോഴും സാധിക്കും എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ, നാഗേശ്വർ റാവുവിനെ ഈ ചുമതലകളിൽ നിന്നൊഴിവാക്കിയതായും സൂചനകളുണ്ട്.