Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ സഖ്യം സാധ്യമാക്കാന്‍ നായിഡു വീണ്ടും ദല്‍ഹിയില്‍

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം സാധ്യമാക്കാനുള്ള ശ്രമവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ദല്‍ഹിയില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും മറ്റു പ്രതിപക്ഷ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി.

പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിച്ച് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ഒരുമിപ്പിക്കാനുള്ള സാധ്യതകളും ഇതിനുള്ള മാനദണ്ഡങ്ങളുമാണ് ചര്‍ച്ച ചെയ്തത്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരുമായും നായിഡു ചര്‍ച്ച നടത്തി.

കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ഉത്തര്‍ പ്രദേശില്‍ സഖ്യമുണ്ടാക്കാനുള്ള ബി.എസ്.പി, എസ്.പി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നായിഡുവിന്റെ ശ്രമം ശ്രദ്ധേയമാണ്.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് എസ്.പിയേയും ബി.എസ്.പിയേയും പ്രകോപിപ്പിച്ചത്. ഈ മാസം 19-ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പ്രതിപക്ഷ നേതാക്കള്‍ ഒരേ വേദിയിലെത്തുമെന്നും കരുത്ത് പ്രകടിപ്പിക്കുമെന്നുമാണ് പ്രതീക്ഷ.

 

Latest News