ന്യൂദല്‍ഹി- മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ ലോക്‌സഭ പാസാക്കി. 323 പേരാണ് ബില്ലിനെ അനുകൂലിച്ചത്. മൂന്നു പേര്‍ എതിര്‍ത്തു. കോണ്‍ഗ്രസും സി.പി.എമ്മും ബില്ലിനെ പിന്തുണച്ചു. ബില്‍ രാജ്യസഭ നാളെ പരിഗണിക്കും. പൗരത്വ നിയമഭേദഗതി ബില്‍ പാസാക്കിയ ശേഷമാണു സംവരണ ബില്‍ ലോക്‌സഭ പരിഗണിച്ചത്.
സാമ്പത്തിക സംവരണ തീരുമാനത്തിന് നിയമസാധുതയുണ്ടെന്നു സാമൂഹികനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട് അവകാശപ്പെട്ടു. ഭരണഘടനാ ഭേദഗതി സുപ്രീംകോടതിക്കു തള്ളാനാകില്ലെന്നും സംവരണം 50 ശതമാനമെന്ന പരിധി ലംഘിക്കുന്നുവെന്ന പ്രശ്‌നമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു. സാമ്പത്തിക നീതി ഉറപ്പാക്കുകയാണ് സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഭരണഘടനയുടെ 15, 16 അനുഛേദത്തിലാണ് മാറ്റം വരുത്തുന്നത്.
അണ്ണാ ഡി.എം.കെ ലോക്‌സഭ ബഹിഷ്‌കരിച്ചു. സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നതായി അറിയിച്ച കോണ്‍ഗ്രസ് ബില്‍ ജെ.പി.സിക്കു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.