Sorry, you need to enable JavaScript to visit this website.

ഒളോപ്പാറ  ടൂറിസം ഭൂപടത്തിലേക്ക്‌

കോഴിക്കോട്- അകലാപ്പുഴയുടെ വിശാലതയും കണ്ടൽകാടുകളുടെ പ്രകൃതി ഭംഗിയും ചേർന്ന ചേളന്നൂർ പഞ്ചായത്തിലെ ഒളോപ്പാറയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വിനോദ സഞ്ചാര പദ്ധതിയുടെ പ്രോജക്ട് സർക്കാറിന്റെ  പരിഗണനയിലാണെന്ന്  ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 
വലിയ ടൂറിസം സാധ്യതകളുള്ള പ്രദേശമാണ് ഒളോപ്പാറ, കണ്ടൽകാടുകളുൾപ്പെടെ പുഴയുടെ സ്വാഭാവികത നിലനിർത്തിക്കൊണ്ട്  ആഭ്യന്തര വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം,  പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ   പുഴയോരം സംരക്ഷിച്ചുകൊണ്ട് നടപ്പാത ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നതെന്ന്  മന്ത്രി പറഞ്ഞു. 
പദ്ധതിയുമായി ബന്ധപ്പെട്ട സമഗ്ര  പ്രൊപ്പോസൽ ഉടൻ  സമർപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. 
പദ്ധതിയുടെ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറമ്പോക്കിലെ സർവേ നടപടികൾ റവന്യൂ വിഭാഗം  ഉടൻ ആരംഭിക്കുമെന്ന് സബ്കലക്ടർ  വി. വിഘ്‌നേശ്വരി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് തുടർചർച്ചകൾക്കായി റവന്യൂ, ഇറിഗേഷൻ, പഞ്ചായത്ത്, ആർക്കിടെക്ച്ചർ തുടങ്ങി വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തിൽ ഈ മാസം പതിമൂന്നിന് യോഗം ചേരാൻ തീരുമാനിച്ചു. 
നിരവധി വിനോദ സഞ്ചാര സാധ്യതകൾ നിലനിൽക്കുന്ന പ്രദേശത്ത് കാച്ചിറ ബണ്ട് ഉൾപ്പെടെ അനേകം ആകർഷണങ്ങൾ ഉണ്ട്. പദ്ധതിക്കായി 40 സെന്റ് പുഴ പുറമ്പോക്ക് ഭൂമി ഉൾപ്പെടുത്തി പാർക്ക്, നടപ്പാത, പെഡൽ ബോട്ടിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടും യോഗം ചർച്ച ചെയ്തു.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന, ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം എം. അനിത, ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല, ടി.കെ. സോമനാഥൻ, ടി. പവിത്രൻ, ടി.കെ. സുജാത, താഴത്തെയിൽ ജുമൈലത്ത്, ഷീന പി.വി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


 

Latest News