മുംബൈ- ഇന്‍ഫോസിസ് സഹസ്ഥാപകനും ആധാര്‍ പദ്ധതി മുന്‍ തലവനുമായ നന്ദന്‍ നിലേക്കനിയെ ഡിജിറ്റല്‍ പണമിടപാടുകളെ കുറിച്ച് പഠിക്കാനുള്ള ഉന്നതാധികാര സമിതി അധ്യക്ഷനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമിച്ചു. നിലവിലെ ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളും ഇവയുടെ പ്രവര്‍ത്തന വ്യാപ്തിയും വിശദമായ പഠിച്ചു കൂടുതല്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയായണ് അഞ്ചംഗ സമിതിയുടെ ചുമതലയെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. പണമിടപാടുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും സമിതിയുടെ ചുമതലയാണ്. മറ്റു രാജ്യങ്ങളിലെ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളും സമിതി പഠന വിധേയമാക്കി പകര്‍ത്താവുന്നത് അവതരിപ്പിക്കും. സമ്പദ്ഘടനയെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നത് ത്വരതിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
ഡിജിറ്റല്‍ പണമിടപാടുകളില്‍ ഉപഭോക്താക്കളുടെ വിശ്വാസം വര്‍ധിപ്പിക്കാനും ഇതിന് ആഴത്തില്‍ വേരോട്ടമുണ്ടാക്കാനുമുള്ള വിശദമായ പദ്ധതിയും ഈ സമിതി തയാറാക്കും. റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എച്. ആര്‍ ഖാന്‍, വിജയാ ബാങ്ക് മുന്‍ എം.ഡിയും സി.ഇ.ഓയുമായ കിശോര്‍ സാന്‍സി, ഐടി മന്ത്രാലയം മുന്‍ സെക്രട്ടറി അരുണ ശര്‍മ, ഐഐഎം അഹമദാബാദിലെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ സജ്ഞയ് ജെയ്ന്‍ എന്നിവരും സമിതി അംഗങ്ങളാണ്. മൂന്ന് മാസത്തേക്കാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.
മുന്‍ യുപിഎ സര്‍ക്കാര്‍ ആധാര്‍ പദ്ധതി അവതരിപ്പിച്ചപ്പോള്‍ ഇതിനു ചുക്കാന്‍പിടിക്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രഥമ മേധാവിയായി നിലേക്കനിയേയാണ് നിയമിച്ചിരുന്നത്. 2014-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നിലേക്കനി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗ്ലൂര്‍ സൗത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ബിജെപിയോട് രണ്ടു ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടിരുന്നു.