Sorry, you need to enable JavaScript to visit this website.

സാമ്പത്തിക സംവരണ ബിൽ പാർലമെന്റിൽ 

ന്യൂദൽഹി- തൊഴിൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പത്തു ശതമാനം സാമ്പത്തിക സംവരണം ശുപാർശ ചെയ്യുന്ന സംവരണ ബിൽ ഏതാനും നിമിഷത്തിനകം പാർലമെന്റിൽ അവതരിപ്പിക്കും. പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് വൈകിട്ട് നാലു മണിയോടെ ബിൽ പാർലമെന്റിന്റെ പരിഗണനക്ക് വരും. അതേസമയം, നേരത്തെ സംവരണത്തെ അനുകൂലിച്ച സി.പി.എം നിലപാടിൽനിന്ന് പിറകോട്ട് പോയി. ഈ വിഷയത്തിൽ വിശദമായ ചർച്ച വേണമെന്നാണ് സി.പി.എം നിർദ്ദേശം. അതേസമയം, കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ബിലിനെ എതിർത്തിട്ടില്ല.  
സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിന് ഇന്നലെ ചേർന്ന അടിയന്തര മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത്. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സാമ്പത്തിക സംവരണം. ഇതിനായി ഭരണഘടനയുടെ 15,16 വകുപ്പുകൾ ഭേദഗതി ചെയ്യാനാണു സർക്കാർ നീക്കം. നിലവിലെ സംവരണ ആനുകൂല്യങ്ങൾ ലഭ്യമാകാത്ത സാമ്പത്തികമായി പിന്നോക്കം നൽക്കുന്ന ദരിദ്രർക്ക് വേണ്ടിയുള്ളതാണ് സാമ്പത്തിക സംവരണമെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. വിവാദ റഫാൽ വിമാനക്കരാറിൽ ഇടറിയ പ്രതിച്ഛായ സാമ്പത്തിക സംവരണം എന്ന തീരുമാനത്തിലൂടെ മറികടക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും പ്രതീക്ഷ.
    അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങൾക്കാണ് സാമ്പത്തിക സംവരണം ലഭിക്കുന്നത്. ഇതിനു പുറമേ നഗര പ്രദേശങ്ങളിൽ 1000 ചതുശ്രയടി വിസ്തീർണത്തിൽ താഴെയുള്ള വീടുകൾ ഉള്ളവർക്കുമാണ് സാമ്പത്തിക സംവരണ ആനുകൂല്യം ലഭ്യമാകുന്നത്. 
    സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തെ ഗംഭീരം എന്നാണ് സാമൂഹ്യ നീതി വകുപ്പു മന്ത്രി രാം ദാസ് അത്താവാല വിശേഷിപ്പിച്ചത്. പാർലമെന്റിൽ ഇതിനുള്ള ബില്ല് എത്തുമ്പോൾ മറ്റു പാർട്ടികൾ എതിർക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഇത് സർക്കാരിന്റെ ഗംഭീര തീരുമാനമാണ്. ഇതുപോലുള്ള കൂടുതൽ തീരുമാനങ്ങൾ വരാനിരിക്കുന്നതേയുള്ളു. മോഡി കരുത്തനായ ബാറ്റ്്‌സ്മാനാണ്. മികച്ച സിക്‌സറുകളും ഫോറുകളും വരാനിരിക്കുന്നതേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. 
    ദീർഘകാലമായി നിലവിലുള്ള ആവശ്യമായിരുന്നു സാമ്പത്തിക സംവരണം എങ്കിലും മോഡി സർക്കാരിന് മാത്രമാണ് ഇക്കാര്യം യാഥാർഥ്യമാക്കാനായതെന്നാണു കേന്ദ്ര സാമൂഹികക്ഷേമ വകുപ്പു സഹമന്ത്രി വിജയ് സാംപ്ല പറഞ്ഞത്. ബ്രാഹ്മണർ, ബനിയകൾ, ക്രൈസ്തവർ, മുസ്‌ലിംകൾ തുടങ്ങി എല്ലാ സമുദായങ്ങളിലും പെട്ടവർക്കു ഇതിന്റെ ആനുകൂല്യം ലഭിക്കും. 
    സർക്കാർ തീരുമാനത്തെ രാഷ്ട്രീയമായി കാണരുതെന്നും സർക്കാർ പാവപ്പെട്ടവരുടെ വികാരം മനസിലാക്കി നടപ്പാക്കിയ തീരുമാനമാണെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ, മറ്റൊരുകേന്ദ്രമന്ത്രിയായ ശിവ് പ്രതാവ് ശുക്ല പറഞ്ഞത് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം ബിജെപിക്ക് തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ്. സർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഭാവിയിൽ സംവരാണാനുകൂല്യം 50 മുതൽ 60 ശതമാനം വരെയാക്കി ഉയർത്തണമെന്നുമാണ് ബി.ജെ.പി എം.പി ഉദ്ദിത് രാജ് പ്രതികരിച്ചത്. 
    കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ എത്രയും പെട്ടെന്നു ബില്ല് കൊണ്ടു വന്ന് ഇക്കാര്യത്തിലുള്ള ആത്മാർഥത ഉറപ്പു വരുത്തണമെന്നാണ് പറഞ്ഞത്. 
    സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തെ തെരഞ്ഞെടുപ്പു തന്ത്രം എന്നാണ് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞത്. ഇത്തരമൊരു കാര്യത്തെക്കുറിച്ച് സർക്കാർ കഴിഞ്ഞ നാലു വർഷവും എട്ടു മാസക്കാലത്ത് ആലോചിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന് മൂന്നു മാസം മുൻപ് പ്രഖ്യാപിച്ച രാഷ്ട്രീയ തന്ത്രമായി മാത്രമേ ഇതിനെ കാണാനാകൂ എന്നും സിംഗ്‌വി പറഞ്ഞു. മുൻ ബി.ജെ.പി കേന്ദ്ര മന്ത്രിയായിരുന്ന യശ്വന്ത സിൻഹ സർക്കാർ തീരുമാനത്തെ ശുദ്ധ തട്ടിപ്പ് എന്നാണ് വിശേഷിപ്പിച്ചത്. തീരുമാനം നടപ്പിലാക്കുന്നതിൽ നിരവധി നിയമക്കുരുക്കുകൾ ഉണ്ട്. മാത്രമല്ല പാർലമെന്റിന്റെ ഇരുസഭകളിലും ഇതു സംബന്ധിച്ച ബില്ലുകൾ പാസാക്കിയെടുക്കാൻ വേണ്ടത്ര സമയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ യഥാർഥ മുഖമാണ് ഇതോടെ പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള തീരുമാനമെന്നാണ് സി.പി.ഐ നേതാവും രാജ്യസഭ എം.പിയുമായ ഡി. രാജ പറഞ്ഞത്. കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തും പറഞ്ഞു. 
    രാജ്യം തെരഞ്ഞെടുപ്പു ചൂടിലേക്ക് അടുത്തു തുടങ്ങുകയും തങ്ങളുടെ ഭരണകാലം അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുകയും ചെയ്യുമ്പോഴാണ് നരേന്ദ്ര മോഡി സർക്കാർ സാമ്പത്തിക സംവരണ ബില്ലുമായി രംഗത്തെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ സംവരണം ആവശ്യപ്പെട്ട് തങ്ങളെ പിന്നോക്ക സമുദായങ്ങളോ മറ്റു പിന്നോക്ക സമുദായങ്ങളോ ആക്കി 27 ശതമാനം സംവരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സമുദായങ്ങൾ പ്രക്ഷോഭത്തിലാണ്. ഗുജറാത്തിൽ പട്ടേൽ സമുദായം ഉൾപ്പടെ ഉയർത്തുന്ന വെല്ലുവിളികൾക്ക് തടയിടാമെന്നു കരുതിയാണ് സർക്കാർ ഇപ്പോൾ സാമ്പത്തിക സംവരണം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 
    കഴിഞ്ഞ വർഷം എസ്‌സി, എസ്ടി നിയമത്തിൽ വെള്ളം ചേർക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റിരുന്നു. അതിനു പുറമേ അടുത്ത് തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നെണ്ണം കോൺഗ്രസിന്റെ കൈവശമായത് ജാതിസമവാക്യങ്ങൾ തിരിച്ചടിച്ചതായാണ് ബി.ജെ.പി വിലയിരുത്തുന്നത്. കേന്ദ്ര മന്ത്രി രാംദാസ് അത്താവാലയും അടുത്തയിടെ മുന്നോക്ക സമുദായങ്ങൾക്കു 25 ശതമാനം സംവരണം ഉറപ്പു വരുത്തണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
 

Latest News