തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ പുതിയ സംവരണം പ്രഖ്യാപിച്ച് എല്ലാ എതിരാളികളേയും ഞെട്ടിച്ചിരിക്കുകയാണ് കാലാവധി പൂര്‍ത്താക്കാനിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മുന്നോക്ക സമുദായക്കാര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസുകളില്‍ പത്തു ശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ മോഡി സര്‍ക്കാരിന്റെ തീരുമാനം. പ്രത്യക്ഷത്തില്‍ ആര്‍ക്കും എതിര്‍ക്കാന്‍ പഴുതില്ലാത്ത ഈ തീരുമാനത്തെ പല പ്രതിപക്ഷ പാര്‍ട്ടികളും സ്വാഗതം ചെയ്തു കഴിഞ്ഞു. എന്നാല്‍ സംവരണ നീക്കത്തിന്റെ പിന്നില്‍ ഒരു തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ.എസ് ശബരീനാഥന്‍ അക്കമിട്ടു നിരത്തുന്നു. ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ വരുമാനക്കണക്കും ആദായ നികുതി രേഖകളിലെ സ്ഥിതിവിവരകണക്കും അക്കമിട്ടു നിരത്തിയ ശബരീനാഥന്‍ ഈ സംവരണ തീരുമാനം മോഡി സര്‍ക്കാരിന്റെ മറ്റൊരു 15 ലക്ഷം രൂപാ വാഗ്ദാനം പോലെയാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഭൂരിപക്ഷം പേരും ഈ സംവരണ പരധിയില്‍ വരും. അപ്പോള്‍ ഇതിനെ സംവരണമെന്ന് പറയാമോ എന്നും അദ്ദേഹം ചോദിക്കുന്നു.
ശബരീനാഥന്‍ എംഎല്‍എയുടെ ഫേസ്പുക്ക് പോസ്റ്റ്:
1) NSSO, ഇൻകം ടാക്സ് രേഖകൾ പ്രകാരം ഭാരതത്തിലെ 95% കുടുംബങ്ങളുടെയും വാർഷിക വരുമാനം ഇന്നലെ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണ മാനദണ്ഡമായ 8 ലക്ഷം രൂപയിൽ താഴെയാണ്.
2) ഇന്ത്യയുടെ Per Capita Income ഏകദേശം 1.25 ലക്ഷം രൂപയാണ്,എന്നുവച്ചാൽ അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 6.25 ലക്ഷം പ്രതി വർഷ വരുമാനം.ഇതും സാമ്പത്തിക സംവരണത്തിനു മാനദണ്ഡമായ 8 ലക്ഷം രൂപയുടെ താഴെയാണ്.
3) സാമ്പത്തിക സംവരണത്തിന് മറ്റൊരു മാനദണ്ഡം ഒരു കുടുംബത്തിനു പരമാവധി ഉണ്ടായിരിക്കേണ്ട ഭൂമി 5 ഏക്കറിനു താഴെയെന്നാണ്. ഔദ്യോഗിക കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയിൽ
86% ജനങ്ങക്കും 5 ഏക്കറിൽ താഴയെ ലാൻഡ് ഹോൾഡിങ് ഉള്ളു!
ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ കേന്ദ്രസർക്കാർ പറയുന്ന സാമ്പത്തിക അടിസ്ഥാനത്തിനുള്ള സംവരണത്തിന് ഇന്ത്യയിലെ ഒട്ടുമുക്കാലും ആളുകൾക്കും കിട്ടും.എല്ലാർക്കും കിട്ടുന്ന ഒരു ആനുകൂല്യത്തെ പിന്നെങ്ങനെ പ്രത്ത്യേക സംവരണം എന്ന് വിളിക്കും?
അപ്പോൾ പിന്നെ ഇത് കഴിഞ്ഞ ലോകസഭ ഇലക്ഷൻ സമയത്ത് മോദിജി വാഗ്ദാനം ചെയ്ത് ' അക്കൗണ്ടിൽ വരാൻ പോകുന്ന 15 ലക്ഷത്തിന്റെ' മറ്റൊരു പതിപ്പാണോ ? ഉത്തരമുണ്ടോ?