ജിദ്ദ- മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് പൂർത്തിയാക്കിയ ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം. പുതിയ സമയക്രമം ഈ മാസം പത്തു മുതൽ നിലവിൽ വരും. ജനുവരി പത്തു മുതലും വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസുണ്ടാവുക.
മക്കയിൽ നിന്ന് ആദ്യ ട്രെയിൻ രാവിലെ എട്ടു മണിക്ക് പുറപ്പെട്ട് ജിദ്ദയിൽ 8.43 ന് എത്തിച്ചേരും. ജിദ്ദയിൽ നിന്ന് 8.46 ന് തിരിക്കുന്ന ട്രെയിൻ ഒമ്പതരക്ക് റാബിഗ് ഇക്കണോമിക് സിറ്റിയിലെത്തും. റാബിഗിൽ നിന്ന് 9.33 ന് തിരിക്കുന്ന ട്രെയിൻ 11.05ന് മദീനയിൽ എത്തിച്ചേരും. രണ്ടാമത്തെ ട്രെയിൻ ഉച്ചക്ക് 12 ന് മക്കയിൽ നിന്ന് പുറപ്പെടും. ഈ ട്രെയിൻ 12.43 ന് ജിദ്ദയിൽ എത്തി 12.46 ന് ജിദ്ദയിൽ നിന്ന് യാത്ര തിരിക്കും. ഈ ട്രെയിനിന് റാബിഗിൽ സ്റ്റോപ്പില്ല. വൈകീട്ട് 3.02 ന് ട്രെയിൻ മദീനയിൽ എത്തിച്ചേരും. വൈകീട്ട് 3.15 ന് മക്കയിൽ നിന്ന് മദീനയിലേക്കുള്ള നോൺ സ്റ്റോപ്പ് ട്രെയിൻ വൈകീട്ട് 6.17 ന് പ്രവാചക നഗരിയിൽ എത്തിച്ചേരും. വൈകീട്ട് ഏഴു മണിക്ക് മക്കയിൽ നിന്ന് യാത്ര തിരിക്കുന്ന അവസാനത്തെ ട്രെയിൻ 7.43 ന് ജിദ്ദയിൽ എത്തും. ജിദ്ദയിൽ നിന്ന് 7.46 ന് തിരിക്കുന്ന ട്രെയിൻ എട്ടരക്ക് റാബിഗിൽ എത്തും. രാത്രി 8.33 ന് റാബിഗിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി രാത്രി 10.05 ന് മദീനയിൽ എത്തിച്ചേരും.
രാവിലെ എട്ടിന് മദീനയിൽ നിന്ന് തിരിക്കുന്ന ആദ്യ ട്രെയിൻ 9.32 ന് റാബിഗിലും 10.19 ന് ജിദ്ദയിലും 11.05 ന് മക്കയിലും എത്തിച്ചേരും. ഉച്ചക്ക് 12 നും വൈകീട്ട് 3.15 നുമുള്ള ട്രെയിനുകൾക്ക് റാബിഗിൽ സ്റ്റോപ്പില്ല. ഉച്ചക്ക് 12 ന് മദീനയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 2.16 ന് ജിദ്ദയിലും വൈകീട്ട് 3.05 ന് മക്കയിലും എത്തിച്ചേരും. വൈകീട്ട് 3.15 ന് പ്രവാചക നഗരി വിടുന്ന മൂന്നാമത്തെ ട്രെയിൻ 5.31 ന് ജിദ്ദയിലും 6.17 ന് മക്കയിലും എത്തിച്ചേരും. വൈകീട്ട് ഏഴു മണിക്ക് മദീനയിൽ നിന്ന് പുറപ്പെടുന്ന അവസാനത്തെ ട്രെയിൻ 8.32 ന് റാബിഗിലും 9.19 ന് ജിദ്ദയിലും 10.05 ന് മക്കയിലും എത്തിച്ചേരും.
യാത്രക്കാരെ ആകർഷിക്കുന്നതിന് ശ്രമിച്ച് തുടക്കത്തിൽ 50 ശതമാനം ഇളവോടെയാണ് ടിക്കറ്റുകൾ നൽകിയിരുന്നത്. പ്രൊമോഷൻ നിരക്കുകൾ കഴിഞ്ഞ മാസം മധ്യം വരെ നിലവിലുണ്ടായിരുന്നു. ഇപ്പോൾ സാധാരണ നിരക്കുകളാണ് ബാധകം. ജിദ്ദയിൽ നിന്ന് മക്കയിലേക്ക് ഇക്കോണമി ക്ലാസിൽ 40 റിയാലും ബിസിനസ് ക്ലാസിൽ 50 റിയാലും മക്കയിൽ നിന്ന് മദീനയിലേക്ക് ഇക്കോണമി ക്ലാസിൽ 150 റിയാലും ബിസിനസ് ക്ലാസിൽ 250 റിയാലുമാണ് ടിക്കറ്റ് നിരക്ക്. മക്കയിലെയും മദീനയിലെയും റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് വിശുദ്ധ ഹറമുകളിലേക്കും ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു റിയാലാണ് ബസ് ടിക്കറ്റ്.
ഹജ്, ഉംറ തീർഥാടകരും സന്ദർശകരും സ്വദേശികളും വിദേശികളും അടക്കമുള്ളവർക്ക് മക്ക, മദീന, റാബിഗ്, ജിദ്ദ നഗരങ്ങൾക്കിടയിൽ കുറഞ്ഞ നിരക്കിൽ സുഖകരമായ ലക്ഷ്വറി യാത്രാ സൗകര്യം ഒരുക്കുന്നതിന് ലക്ഷ്യമിട്ട് ആയിരക്കണക്കിന് കോടി റിയാൽ ചെലവഴിച്ച് സൗദി അറേബ്യ പൂർത്തിയാക്കിയ ഹറമൈൻ ഹൈസ്പീഡ് റെയിൽവേ സെപ്റ്റംബർ 25 നാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഒക്‌ടോബർ 11 മുതൽ പൊതുജനങ്ങൾക്കുള്ള ട്രെയിൻ സർവീസുകൾക്ക് തുടക്കമായി. പ്രതിദിനം 1,60,000 ലേറെ പേർക്കും, പ്രതിവർഷം ആറു കോടി പേർക്കും യാത്രാ സൗകര്യം നൽകുന്നതിനുള്ള ശേഷിയിലാണ് പദ്ധതി രൂപകൽപന ചെയ്ത് നിർമിച്ചിരിക്കുന്നത്.
450 കിലോമീറ്റർ നീളമുള്ള പാതയിൽ മണിക്കൂറിൽ 300 ലേറെ കിലോമീറ്റർ വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. മുപ്പത്തിയഞ്ച് ട്രെയിനുകൾ പദ്ധതിയിൽ സർവീസിന് ഉപയോഗിക്കും. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ട് ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രികാറും അടങ്ങിയ ട്രെയിനുകളിൽ 417 സീറ്റുകൾ വീതമാണുള്ളത്.
ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീർഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഹറമൈൻ ഹൈസ്പീഡ് റെയിൽവേ പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്. 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിൽ എത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം അര കോടിയായും ഉയർത്തുന്നതിന് വിഷൻ-2030 പദ്ധതി ലക്ഷ്യമിടുന്നു.
---