കൊച്ചി- വയോധികയായ അമ്മയെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ച മകനെ വീട്ടിലുണ്ടായിരുന്ന ഹോംനഴ്സ് കുത്തിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ കൊച്ചി പാലാരിവട്ടത്താണ് സംഭവം. കുത്തേറ്റ ചെല്ലിയംപുറം തോബിയാസ് (35) ആണ് കൊല്ലപ്പെട്ടത്. ഹോംനഴ്സ് ലോറന്‍സിനെ (54) പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട തോബിയാസ് ലഹരിക്ക് അടിമായായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഇയാള്‍ അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. ഇതിനു സാധിക്കാതെ വന്നതോടെ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ലോറന്‍സ് പോലീസിനോട് പറഞ്ഞു. തൃശൂര്‍ സ്വദേശിയായ ലോറന്‍സ് ഒരു വര്‍ഷമായി തോബിയാസിന്റെ രോഗിയായ അമ്മയെ ശുശ്രൂഷിക്കാന്‍
ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.
കുത്തേറ്റ തോബിയാസ് രക്തം വാര്‍ന്നാണ് മരിച്ചത്. അമ്മ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ മകളാണ് പോലീസില്‍ വിവരം നല്‍കിയത്. പോലീസെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലോറന്‍സും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു. പലതവണ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടയാളാണ് തോബിയാസെന്ന് പോലീസ് പറഞ്ഞു. അമ്മയേയും ലോറന്‍സിനേയും പലപ്പോഴും ഇയാള്‍ മര്‍ദിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.