ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ച അലോക് വര്‍മക്ക് സി.ബി.ഐ ഡയറക്ടര്‍ പദവി തിരികെ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്. സി.ബി.ഐയില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. അലോക് വര്‍മയെ അവധിയില്‍ അയക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറാക്കിയ കേന്ദ്ര നടപടി കോടതി റദ്ദാക്കി. എന്നാല്‍ അലോക് വര്‍മയ്ക്ക് തല്‍ക്കാലം സുപ്രധാന തീരുമാനം എടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 23ന് അര്‍ധരാത്രിയാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി അവധിയില്‍ വിട്ടതു ചോദ്യം ചെയ്ത് അദ്ദേഹം നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ജനാധിപത്യത്തിന്റെ വിജയമെന്നാണ് അലോക് വര്‍മയുടെ അഭിഭാഷകന്‍ സുപ്രീം കോടതി ഉത്തരവിനെ വിശേഷിപ്പിച്ചത്.