ന്യുദല്‍ഹി- പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് 1992-ലെ ബാബരി ധ്വംസനം തടയാനായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നയതന്ത്രജ്ഞനുമായ മണിശങ്കര്‍ അയ്യര്‍. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ അതു തടയാന്‍ സ്വീകരിക്കേണ്ട നടപടികളൊന്നും റാവു സര്‍ക്കാര്‍ എടുത്തില്ല. ഭരണഘടനാ വിരുദ്ധമായ ഈ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും തിങ്കളാഴ്ച ദല്‍ഹിയില്‍ എസ്.ഡി.പി.ഐ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പ്രസംഗിക്കവെ അയ്യര്‍ പറഞ്ഞു.
'ഞാന്‍ കോണ്‍ഗ്രസില്‍ നിന്നാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നത് തടയുക എന്നത് ഞങ്ങളുടെ ജോലിയായിരുന്നു. എന്നാല്‍ ഇതു തടയാന്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു ഒരു നടപടിയും സ്വീകരിച്ചില്ല'- അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയെ ഒരിക്കല്‍ കൂടി വിഭജിക്കാനുള്ള ഒരു ശ്രമമായിരുന്നു. ഈ രാജ്യത്തിന്റെ അടിത്തറയായ ഹിന്ദു-മുസ്ലിം ബന്ധം മുറിക്കാനുള്ള ശ്രമമായിരുന്നു. ആ ദിവസം നമ്മുടെ ദേശീയ അഖണ്ഡതെയാണ് ആക്രമികള്‍ ഉന്നമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ബാബരി ധ്വംസത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഈ രാജ്യത്തെ ജനങ്ങള്‍ പിന്തുണയ്ക്കുന്നില്ല. 2014 പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 31 ശതമാനം വോട്ടു നേടാനായി. അതു മറ്റു കാരണങ്ങളാലാണ്. 2014ല്‍ അവര്‍ക്ക് അവസരം ലഭിച്ചു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി അവര്‍ അതും തകര്‍ത്തു. ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് മതേരരായിരിക്കാനാണെന്നും അദ്ദേഹം പരഞ്ഞു.
ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് മുസ്ലിംകള്‍ക്ക് തൃപ്തികരമായ ഒരു വിധി വന്നില്ലെങ്കില്‍ സാഹചര്യങ്ങളെ നേരിടാന്‍ കോണ്‍ഗ്രസ് ബദല്‍ പദ്ധതി ചര്‍ച്ച ചെയ്യുമെന്നും അയ്യര്‍ പറഞ്ഞു. നീതിന്യാസ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. നീതിയുടെ അര്‍ത്ഥം ഒരിക്കലും മറക്കരുത്. എതിരായി വന്നാലും സാഹചര്യത്തെ നേരിടാന്‍ മാര്‍ഗമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.