അഹമദാബാദ്- ഗുജറാത്ത് ബിജെപി മുന്‍ ഉപാധ്യക്ഷനും എല്‍.എല്‍.എയുമായിരുന്ന ജയന്തിലാല്‍ ഭാനുശാലിയെ ട്രെയ്ന്‍ യാത്രയ്ക്കിടെ അജ്ഞാത ആക്രമിസംഘം വെടിവച്ചു കൊന്നു. സായാജി നാഗ്രി എക്‌സ്പ്രസിന്റെ എസി കോച്ചില്‍ കട്ടാരിയ-സുര്‍ബാരി സ്റ്റേഷനുകള്‍ക്കിടയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഭുജില്‍ നിന്നും അഹമദാബാദിലേക്കു യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷാ വീഴ്ച സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമികളെ പിടികിട്ടിയിട്ടില്ല. തലയിലാണ് വെടിയേറ്റത്. മാലിയ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി ഭാനുശാലിയെ റെയില്‍വെ അധികൃതര്‍ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2007 മുതല്‍ 2012 വരെ എം.എല്‍.എ ആയിരുന്ന ഭാനുശാലിക്കെതിരെ കഴിഞ്ഞ വര്‍ഷം 21-കാരിയായ കോളെജ് വിദ്യാര്‍ത്ഥിനി ലൈംഗിക പീഡന പരാതിയുമായി രംഗത്തു വന്നിരുന്നു. ഒരു ഫാഷന്‍ ഡിസൈനിംഗ് കോളെജില്‍ അഡ്മിഷന്‍ ഉറപ്പാക്കാമെന്ന് വാഗ്ദാനം നല്‍കി ഭാനുശാലി തന്നെ പലതവണ ലൈംഗികമായി ദുരുപയോഗം ചെയതുവെന്നും അശ്ലീല ദൃശ്യങ്ങളുടെ വിഡിയോ പിടിച്ചെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
ഈ ആരോപണതതെ തുടര്‍ന്ന് ഭാനുശാലി സംസ്ഥാന ബിജെപി ഉപാധ്യക്ഷ പദവി രാജിവച്ചിരുന്നു. ലൈംഗികാരോപണം തന്റെ പ്രതിച്ഛായ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് ഭാനുശാലി പോലീസിന് മൊഴിനല്‍കിയിരുന്നു. തനിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ കേസ് ഗുജറാത്ത് ഹൈക്കോടതിയിലെത്തിയപ്പോള്‍ ഭാനുശാലി ഒരു സ്ത്രീയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഗുണ്ടാ സംഘത്തെ നയിക്കുന്ന ഈ സ്ത്രീ തന്റെ ബന്ധുവില്‍ നിന്നും നേരത്തെ 10 കോടി രൂപ തട്ടാന്‍ ശ്രമിച്ചിരുന്നതായും ഭാനുശാലി കോടതിയില്‍ പറഞ്ഞിരുന്നു. തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഈ സ്ത്രീ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നും ഭാനുശാലി പറഞ്ഞിരുന്നു. ഇതിനു ശേഷം പരാതിക്കാരിയായ പെണ്‍കുട്ടി ഭാനുശാലിക്കെതിരായ പരാതി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കോടതി ഭാനുശാലിക്കെതിരായ കേസ് തള്ളിയത്.