മിഷിഗണ്‍- അമേരിക്കയില്‍ ആറു പേരെ വെടിവെച്ചു കൊല്ലുകയും രണ്ടു പേരെ ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്ത ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു. 2016 ല്‍ നടന്ന സംഭവത്തില്‍ മൂന്ന്് വര്‍ഷത്തിനുശേഷമാണ് കുറ്റസമ്മതം. ഊബര്‍ ആപ്പിലെ ചെകുത്താനാണ് കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്ന പ്രതിയുടെ വെളിപ്പെടുത്തലിലൂടെ വിവാദം സൃഷ്ടിച്ച കേസാണിത്.
വിചാരണക്കായുള്ള ജൂറി സെലക് ഷന്‍ തടഞ്ഞുകൊണ്ട് അപ്രതീക്ഷിതമായാണ് പ്രതി ജേസണ്‍ ഡാല്‍ട്ടന്റെ കുറ്റസമ്മതമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പരോളില്ലാത്ത ജീവപര്യന്തം ജയില്‍ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ സമ്മതിച്ചത്.
വിചാരണയില്‍ തന്റെ കുടുംബത്തേയും ഇരകളുടെ കുടുംബങ്ങളേയും വൈകാരികമായി തളര്‍ത്തരുതെന്ന് കരുതിയാണ് പ്രതി കുറ്റംസമ്മതിച്ചതെന്ന് ഡാല്‍ടന്റെ അഭിഭാഷകന്‍ പറഞ്ഞു.
നേരത്തെ ക്രിമിനല്‍ കേസുകളൊന്നുമില്ലാത്ത 45 കാരനനായ ഡാള്‍ട്ടണ്‍ 2016 ഫെബ്രുവരി 20നാണ് കൊലപാതകങ്ങള്‍ നടത്തിയത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അപരിചിതരെയാണ് ഇയാളുടെ തോക്കിന് ഇരയായത്. ഊബര്‍ ആപ്പിലെ ചെകുത്താനാണ് തന്നെ കൊണ്ട് ഇത് ചെയ്യിച്ചതെന്നും ആപ്പ് പറഞ്ഞതനുസരിച്ചാണ് ഇരകളെ തെരഞ്ഞെടുത്തതെന്നുമാണ് ഡാള്‍ട്ടണ്‍ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.