മുംബൈ- എൻ.ഡി.എക്കുള്ളിൽ ബി.ജെ.പിയുടെ കടുത്ത വിമർശകരായ ശിവസേന വീണ്ടും പരിഹാസവുമായി രംഗത്ത്. മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ സഖ്യം ഇനി വോട്ടിംഗ് മെഷീനുമായിട്ടായിരിക്കുമെന്നാണ് ഒരു ശിവസേന നേതാവ് പരിഹസിച്ചത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് എല്ലാ സീറ്റിലും ഒറ്റക്ക് മത്സരിക്കാനുള്ള ശക്തിയുണ്ടെന്നും, ശിവസേനക്ക് സഖ്യം വേണമെന്നുണ്ടെങ്കിൽ പിന്നീട് ആലോചിക്കാമെന്നും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണിത്. ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ടില്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിവസേന വലിയ തകർച്ച നേരിടുമെന്നും ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഹിന്ദുത്വത്തിൽ വിശ്വസിക്കുന്നവരുമായി സഖ്യത്തിലേർപ്പെടാൻ അമിത് ഷാക്ക് താൽപര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പരാമർശത്തിൽ നിന്ന് മനസ്സിലാവുന്നതെന്നും ശിവസേന വക്താവ് പറഞ്ഞു.
കേന്ദ്ര മന്ത്രിസഭയിൽ ശിവസേനയും അംഗമാണെങ്കിലും, മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി കടുത്ത ശത്രുതയിലാണ്. അതുകൊണ്ടു തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിവസേനയെ ഒപ്പം കൂട്ടാൻ ബി.ജെ.പി വലിയ താൽപര്യം കാണിക്കുന്നുമില്ല.
അതിനിടെ, സംസ്ഥാനത്ത് കോൺഗ്രസും എൻ.സി.പിയും തമ്മിലുള്ള സഖ്യ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. 48 ലോക്‌സഭാ സീറ്റുള്ള സംസ്ഥാനത്ത് ഇരു പാർട്ടികളും തുല്യ സീറ്റുകളിൽ മത്സരിക്കുമെന്നാണ് സൂചന. ഇതിനകം 40 സീറ്റുകളിൽ ഇരു പാർട്ടികളും ധാരണയായിട്ടുണ്ട്.
കഴിഞ്ഞ തവണ 26 സീറ്റിൽ കോൺഗ്രസും 22 സീറ്റിൽ എൻ.സി.പിയും മത്സരിച്ചു. എന്നാൽ എൻ.സി.പിക്ക് നാല് സീറ്റ് കിട്ടിയപ്പോൾ കോൺഗ്രസിന് രണ്ടേ കിട്ടിയുള്ളൂ. ഇതാണ് ഇത്തവണ സീറ്റുകൾ തുല്യമായി പങ്കുവെക്കണമെന്ന ആവശ്യവുമായി എൻ.സി.പി രംഗത്തു വരാൻ കാരണം. ചില സീറ്റുകൾ സഖ്യകക്ഷികളായ ചെറു പാർട്ടികൾക്കും നൽകും
അതിനിടെ, കോൺഗ്രസ്-എൻ.സി.പി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമെന്ന് സി.പി.എം നേതാക്കൾ സൂചിപ്പിച്ചു. പാർട്ടിക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിന്റെയും എൻ.സി.പിയുടെയും പിന്തുണ തേടുമെന്നും എന്നാൽ കോൺഗ്രസുമായി നേരിട്ട് സഖ്യമുണ്ടാക്കില്ലെന്നും പ്രാദേശിക സി.പി.എം നേതാക്കൾ വ്യക്തമാക്കി.