Sorry, you need to enable JavaScript to visit this website.

ആർ.ബി.ഐ കേന്ദ്രത്തിന് ലാഭവിഹിതമായി  നാൽപതിനായിരം കോടി നൽകിയേക്കും

ന്യൂദൽഹി- ധനക്കമ്മിമൂലം വീർപ്പുമുട്ടുന്ന കേന്ദ്ര സർക്കാരിന് റിസർവ് ബാങ്ക് മുപ്പതിനായിരം മുതൽ നാൽപതിനായിരം കോടി രൂപ വരെ ലാഭവിഹിതിമായി നൽകിയേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഈയിനത്തിൽ ആർ.ബി.ഐ കേന്ദ്രത്തിന് നൽകിയതിന്റെ മൂന്നോ നാലോ ഇരട്ടിയാവും ഈ തുകയെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. നിലവിൽ 3.3 ശതമാനം ധനക്കമ്മി നേരിടുന്ന സർക്കാരിന് ഇത് വലിയ ആശ്വാസമായിരിക്കും. 
ജി.എസ്.ടിയിൽ നിന്നും, ഓഹരി വിൽപനയിലൂടെയും പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതും നോട്ട് നിരോധനം കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കാത്തതുമാണ് കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി വർധിക്കാൻ കാരണം.
കേന്ദ്ര സർക്കാരുമായുള്ള ഭിന്നതയെ തുടർന്ന് രാജിവെച്ച ഉർജിത് പട്ടേലിനു പകരം മുൻ ധനമന്ത്രാലയ ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണറായി എത്തിയതോടെയാണ് സർക്കാരിന് വൻ തുക ഡിവിഡന്റായി നൽകാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. 
ഡിവിഡന്റിനു പുറമെ ആർ.ബി.ഐയുടെ കരുതൽ ധനത്തിൽ നിന്ന് മൂന്നര ലക്ഷം കോടിയോളം രൂപ നൽകാനും കേന്ദ്രം സമ്മർദം ചെലുത്തുന്നുണ്ട്. ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ കേന്ദ്രവും ആർ.ബി.ഐയും ചേർന്ന് സമിതിക്ക് രൂപം നൽകിയിരിക്കുകയാണ്. കൂടാതെ തിരിച്ചടവിൽ വീഴ്ച വരുത്തിയ ചെറുകിട, ഇടത്തരം സംരംഭകർക്ക് വീണ്ടും വായ്പ നൽകുന്ന കാര്യത്തിൽ വാണിജ്യ ബാങ്കുകൾക്കുള്ള നിയന്ത്രണത്തിൽ റിസർവ് ബാങ്ക് ഇളവുകൾ വരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. 
സർക്കാരിന്റെ ധനക്കമ്മി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്നലെ രൂപ നേരിയ ഇടിവ് നേരിട്ടിരുന്നു. ഒരു ഘട്ടത്തിൽ ഡോളറിന് 69.80 രൂപയായിരുന്നു വിനിമയ നിരക്ക്.
മാർച്ചിൽ അവസാനിക്കുന്ന ഈ സാമ്പത്തിക വർഷത്തെ ഡിവിഡന്റ് തീരുമാനിക്കുന്നത് അതിനായുള്ള പ്രത്യേക സമിതിക്കു പകരം ആർ.ബി.ഐ ബോർഡ് തന്നെയായിരിക്കുമെന്നും ഇതേക്കുറിച്ച് വിവരമുള്ള ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ബോണ്ടുകളുടെ വിൽപന, വിദേശ നായണ വിനിമയം എന്നിവയിലൂടെയാണ് റിസർവ് ബാങ്കിന് ലാഭം ലഭിക്കുന്നത്. ഇതിൽ ഒരു ഭാഗം സർക്കാരിന് ഡിവിഡന്റായി നൽകുകയും ബാക്കി, ആർ.ബി.ഐയുടെ കരുതൽ ശേഖരത്തിലേക്ക് മാറ്റിവെക്കുകയുമാണ് പതിവു രീതി. ഇത്തവണ ലാഭം മുഴുവനുമായോ, അല്ലെങ്കിൽ അതിന്റെ സിംഹഭാഗമോ കേന്ദ്ര സർക്കാരിന് നൽകിയേക്കുമെന്നാണ് സൂചന.
 

Latest News