നെബ്രാസ്‌ക, യു.എസ്- ഒരിക്കലും ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഉറപ്പിച്ച് ഡോക്ടര്‍മാര്‍ ലൈഫ് സപ്പോര്‍ട്ട് പിന്‍വലിച്ചയാള്‍ എഴുന്നേറ്റു. അമേരിക്കയിലെ നെബ്രാസ്‌കയിലാണ് ഡോക്ടര്‍മാരെ വിസ്മയിപ്പിച്ചു കൊണ്ട് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്.
പക്ഷാഘാതത്തെ തുടര്‍ന്ന് ആഴ്ചകളായി അബോധാവസ്ഥയില്‍ തുടരുകയായിരുന്ന രോഗിയുടെ ലൈഫ് സപ്പോര്‍ട്ട് കുടുംബാംഗങ്ങളുടെ അനുമതിയോടെ പിന്‍വലിക്കുകയായിരുന്നു.
നാല് കുട്ടികളുട പിതാവായ ടി സ്‌കോട്ട് മാര്‍ എന്നയാള്‍ക്ക് കഴിഞ്ഞ മാസം 12-നാണ് സ്‌ട്രോക്കുണ്ടായത്. മസ്തിഷ്‌കത്തിലെ നീര്‍ക്കെട്ടും നാഡീവ്യൂഹത്തില്‍ മാറ്റമില്ലാത്തതും കണക്കിലെടുത്താണ് ഡോക്ടര്‍മാര്‍ കുടുംബത്തിന്റെ അനുമതി തേടിയത്. യന്ത്രങ്ങളുടെ സഹായത്തോടെ തന്റെ ജീവന്‍ നിലനിര്‍ത്തരുതെന്ന് മാര്‍ കുടംബത്തോട് പറഞ്ഞിരുന്നു. കുടുംബാംഗങ്ങള്‍ ഇപ്പോള്‍ അദ്ദേഹത്തെ അത്ഭുത മനുഷ്യനെന്നാണ് വിളിക്കുന്നതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
ബന്ധുക്കളെല്ലാം വിട പറഞ്ഞുകൊണ്ടുള്ള ചുംബനം നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ ട്യൂബുകള്‍ മാറ്റുകയും മോണിറ്ററുകള്‍ ഓഫാക്കുകയും ചെയ്തിരുന്നു. പക്ഷേ സ്‌കോട്ട് മാറിന്റെ ശ്വാസം നിലച്ചില്ല.
ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നാകാം തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടായതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.