Sorry, you need to enable JavaScript to visit this website.

പൗരത്വ ബില്ലിലുടക്കി ബിജെപി-എജിപി സഖ്യം; അസ്സമില്‍ രാഷ്ട്രീയ പ്രതിസന്ധി

ഗുവാഹത്തി- ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ഭരണ കക്ഷിയായ ബിജെപിയെ പ്രതിസന്ധിയിലാക്കി അസ്സം ഗണ പരിഷത് ഇന്ന് സഖ്യം വിട്ടു. പൗരത്വ ബില്ലിനെ സംബന്ധിച്ചുളള നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് എജിപിയുടെ പുതിയ തീരുമാനം. എജിപി സഖ്യം വിട്ടതോടെ മുഖ്യമന്ത്രി സോനോവാവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 

"ബില്‍ നടപ്പാക്കുന്നതിലുളള പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ പ്രതിഫലനത്തെക്കുറിച്ചും അസ്സമിലെ ജനങ്ങളുടെ നിലപാടിനെക്കുറിച്ചും ഞങ്ങള്‍ ബിജെപി നേതൃത്വത്തോട് സംസാരിച്ചു. പക്ഷെ, ബില്‍ നടപ്പാക്കാനുളള തീരുമാനവുമായി മുന്നോട്ട് പോവാനാണ് ബിജെപിയുടെ പദ്ധതി. സഖ്യം വിടുകയല്ലാതെ വേറെ വഴിയില്ല"- എജിപി പ്രസിഡന്റ് അതുല്‍ ബോറ പറഞ്ഞു. നേരത്തെ, എജിപി നേതൃത്വം ഇക്കാര്യം ഉന്നയിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ സഖ്യം അധികാരത്തില്‍ വന്ന ശേഷം ബില്‍ നടപ്പാക്കിയാല്‍ സഖ്യം വിടുമെന്ന സൂചന എജിപി നേതൃത്വം നിരന്തരമായി ബിജെപി നേതൃത്വത്തിന് നല്‍കിയിരുന്നു. 'തെരഞ്ഞെടുപ്പിന് മുമ്പാണ് ഞങ്ങള്‍ സഖ്യത്തിലെത്തിയത്. അത് കൊണ്ടു തന്നെ അസ്സമിലെ ജനങ്ങളുടെയും എജിപിയുടെയും അഭിപ്രായങ്ങള്‍ മാനിക്കേണ്ട ബാധ്യത ബിജെപിക്കുണ്ട്,|' അസ്സം മുന്‍മുഖ്യമന്ത്രിയും എജിപി നേതാവുമായ പ്രഫുല്ലകുമാര്‍ മഹന്ത നേരത്തെ പ്രസ്താവിച്ചിരുന്നു. 

2016 ലെ തെരഞ്ഞെടുപ്പില്‍ 126 സീറ്റുകളില്‍ 61 എണ്ണത്തിലാണ് ബിജെപി വിജയിച്ചത്. 14 എണ്ണത്തില്‍ എജിപിയും വിജയിച്ചു. ബോഡോ പീപ്പിള്‍ ഫ്രണ്ടിന്റെ 12 സീറ്റുകള്‍ അടക്കം ആകെ 87 സീറ്റുകളാണ് ഭരണ മുന്നണിക്കുളളത്. 'അസ്സമിലെ ജനങ്ങള്‍ വോട്ട് ചെയ്തത് എജിപി-ബിജെപി സഖ്യത്തിനാണ്. ബിജെപിക്കല്ല. പക്ഷെ, ബിജെപി നേതൃത്വം സഖ്യകക്ഷിക്ക് നല്‍കിയ വാഗ്ദാനം പാലിച്ചില്ല,'  അതുല്‍ ബോറ പറഞ്ഞു.

2016 ലെ പൗരത്വ ബില്‍ പ്രകാരം 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യപ്പെടും. പുതിയ ബില്‍ പ്രകാരം, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, പാര്‍സി, ജൈന, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കും. മുസ്ലിംകള്‍ക്ക് ബില്ലിന്റെ ആനുകൂല്യം ലഭിക്കില്ല. 

1971 ന് ശേഷം, സംസ്ഥാനത്തേക്ക് കുടിയേറിയ ബംഗാളി ഹിന്ദുക്കളെ പൗരത്വം നേടാന്‍ ബില്‍ സഹായിക്കുമെന്ന കാരണത്താലാണ് എജിപി അടക്കമുളള പാര്‍ട്ടികളും അസ്സമിലെ ഒരു വിഭാഗം ജനങ്ങളും ബില്ലിനെ എതിര്‍ക്കുന്നത്. ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്.

Latest News