ബെയ്ജിങ്- ചൈനയില്‍ ഇസ്ലാം മതത്തെ സോഷ്യലിസ്റ്റാക്കി ചൈനീസ് വല്‍ക്കരിക്കാന്‍ കമ്യൂണിസ്റ്റ് ഭരണകൂടം പുതിയ പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചു. ഇതിനായുള്ള നിയമം ചൈനീസ് സര്‍ക്കാര്‍ ശനിയാഴ്ചയാണ് പാസാക്കിയത്. ചൈനയിലെ എട്ടു മുസ്ലിം അസോസിയേഷനുകളുമായി ഭരണകൂടം ഇതുസംബന്ധിച്ച്് ചര്‍ച്ച നടത്തിയിരുന്നു. തുടക്കത്തില്‍ ഇസ്ലാം മതവിശ്വാസികളെയാണ് ഉന്നംവച്ചിരിക്കുന്നതെങ്കിലും ഔദ്യോഗിക അംഗീകാരമുള്ള മറ്റു നാലു മതവിശ്വാസി വിഭാഗത്തിനു മേലും വൈകാതെ പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണു പദ്ധതിയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
മുസ്ലിം സംഘടനകളെ കൂടി പങ്കെടുപ്പിച്ച യോഗത്തില്‍ സര്‍ക്കാര്‍ ഇസ്ലാമിനെ കൂടുതല്‍ സോഷ്യലിസവുമായി കൂട്ടിയിണക്കാനും ചൈനീസ് വല്‍ക്കരിക്കാനുള്ള നടപടികള്‍ക്കുമാണ് തീരുമാനമായത്. മതങ്ങളെ ഭരിക്കുന്നതിനുള്ള ചൈനയുടെ പുതിയ മാര്‍ഗമാണ്് ഈ പഞ്ചവത്സര പദ്ധതിയെന്നും ചൈനയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ കൂടുതല്‍ കരുത്തനായ കമ്യൂണിസ്റ്റ് ഭരണാധികാരി ഷി ജിന്‍പിങിന്റെ കീഴില്‍ രാജ്യത്ത് മതവിശ്വാസികള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗങ്ങള്‍ക്കെതിരെ കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കി വരുന്നത്. രണ്ടു കോടിയോളം മു്സ്ലിംകളുള്ള ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലാണ് ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികളും ഉള്ളത്. ഇവിടുത്തെ തദ്ദേശീയരായ ഉയിഗൂര്‍ മുസ്ലിം വംശജരെ ഭരണകൂടം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. വിഘടനവാദവും തീവ്രവാദവും ഇവിടെ തലപൊക്കാതിരിക്കാനാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഏതാനും മാസങ്ങളായി മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ചൈനീസ് ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നിരുന്നു. പത്തു ലക്ഷത്തോളം വരുന്ന ഉയിഗൂര്‍ മുസ്ലിംകള്‍ക്കിടയില്‍ കമ്യൂണിസ്റ്റ്് ആശയ പ്രചാരണം നടത്തുന്നതിന് നിരവിധി ക്യാമ്പുകള്‍ തുറന്നതായാണ് റിപോര്‍ട്ടുകള്‍. ഇവിടെ മതാചാരങ്ങളും ആരാധനകളും നിയന്ത്രണവിധേയമായാണ് അനുവദിക്കുന്നത്. രാജ്യത്തെ കമ്യൂണിസ്റ്റ് ഉന്നതര്‍ പലപ്പോഴം മതവിശ്വാസത്തെ 'മനോരോഗം' ആയാണ് കണക്കാക്കുന്നത്. തുടക്കത്തില്‍ മുസ്ലിം വിശ്വാസികളെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ഈ പദ്ധതി മറ്റു അംഗീകൃത മതങ്ങളായ താവോ, ബുദ്ധ, കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് മതവിശ്വാസികളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപോര്‍ട്ട്.
നേരത്തെ വളരെ കര്‍ക്കശമായ നിലപാടാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുസ്ലിംകള്‍ക്കെതിരെ സ്വീകരിച്ചിരുന്നത്. ഖുര്‍ആന്റെ കോപ്പികള്‍ പിടിച്ചെടുത്തും താടി വളര്‍ത്തുന്നത് നിരോധിച്ചും നടപടികളുണ്ടായിരുന്നു. മാത്രവുമല്ല 'കൂടുതല്‍ ഇസ്ലാമികമായ' പേരുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിലും സര്‍ക്കാര്‍ ഇടപെട്ടിരുന്നു.