തിരുവനന്തപുരം- ഇരുപത്തിമൂന്ന് ദിവസം പ്രായമായ കുഞ്ഞിന് സുന്നത്ത് കര്‍മത്തിനിടെ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായ സംഭവത്തില്‍ മലപ്പുറത്തെ ആശുപത്രി പൂട്ടാനും സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ഇടക്കാല സഹായം നല്‍കാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
കമ്മീഷന് അംഗം കെ. മോഹന്‍ കുമാറാണ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. നവജാത ശിശുക്കളില്‍ നടത്തുന്ന ശസ്ത്രക്രിയകളെ കുറിച്ച് മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ബോധവല്‍ക്കരണം ശക്തമാക്കാനും കമ്മീഷന് ആവശ്യപ്പെട്ടു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം ആശുപത്രികളില്‍ യഥാസമയം പരിശോധന നടത്തണമെന്നാണ് മറ്റൊരു നിര്‍ദേശം.
മലപ്പുറം മാറഞ്ചേരി സ്വദേശിനി ജമീലയുടെ മകനാണ് സുന്നത്ത് കര്‍മത്തിനിടെ ഗുരതരമായ അപകടമുണ്ടായത്. മലപ്പുറത്തെ സ്വകാര്യ സ്ഥാപനമായ കെ.വി.എം ആശുപത്രിയില്‍ എം.ബി.ബി.എസ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുളള ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്ന് കമ്മീഷന് പത്രക്കുറിപ്പില്‍ പറഞ്ഞു.
ആധുനിക സൗകര്യങ്ങളില്ലാത്ത ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഡോക്ടറുടെ പരിചയക്കുറവാണ് പിഴവിനു കാരണം. ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററും ഫാര്‍മസിയും നിബന്ധനകള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കുഞ്ഞിന്റെ ചികിത്സക്കായി ഒന്നേകാല്‍ ലക്ഷം രൂപയിലധികം മാതാപിതാക്കള്‍ ഇതിനകം ചെലവാക്കി. മൂത്രം പോകുന്നതിനായി കുഞ്ഞിന്റെ അടിവയറ്റില്‍ ദ്വാരം ഇടേണ്ട അവസ്ഥയാണ്.
തുരുമ്പെടുത്ത ഉപകരണങ്ങളുള്ള ആശുപത്രി ഉടന്‍ അടച്ചുപൂട്ടണമെന്ന് കമ്മീഷന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. പരാതിയുമായി സമീപിച്ച മാതാപിതാക്കളോട് പോലീസിന്റെ സമീപനം മോശമായിരന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു. തിരൂര്‍ ഡിവൈ.എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മീഷന് തള്ളി.