ന്യൂദല്‍ഹി- സംഘ്പരിവാര്‍ ഭീഷണി നേരിടുന്ന നടന്‍ നസീറുദ്ദീന്‍ ഷാക്ക് പിന്തുണയുമായി പ്രശസ്ത സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ അമര്‍ത്യസെന്‍. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച നസീറുദ്ദീന്‍ ഷാ സംഘ് പരിവാര്‍ ശക്തികളില്‍നിന്ന് ഭീഷണി നേരിടുകയാണ്. ആംനസ്റ്റി ഇന്ത്യ തയാറാക്കിയ വീഡിയോയിലാണ് ഷാ രാജ്യത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നത്. മതത്തിന്റെ പേരിലുള്ള വിദ്വേഷ മതിലുകളാണ് ഉയര്‍ന്നിരിക്കുന്നതെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങള്‍ വര്‍ധിച്ചിരിക്കയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും നസീറുദ്ദീന്‍ ഷാക്കെതിരായ നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും 85 കാരനായ അമര്‍ത്യസെന്‍ പറഞ്ഞു.
മറ്റുള്ളവരോട് സഹിഷ്ണുത പുലര്‍ത്താനുള്ള ശേഷി നഷ്ടപ്പെടുന്നത് അത്യന്തം ഉല്‍കണ്ഠാജനകമാണ്. രാജ്യത്തെ നിരവധി സ്ഥാപനങ്ങളും ഭീഷണി നേരിടുകയാണ്-അമര്‍ത്യ സെന്‍ പറഞ്ഞു.
ഇന്നത്തെ ഇന്ത്യയില്‍ മക്കളെ കുറിച്ച് താന്‍ ആശങ്കാകുലനാണെന്ന പ്രസ്താവനയാണ് സംഘ്പരിവാര്‍ സംഘടനകളില്‍നിന്ന് നസീറുദ്ദാന്‍ ഷാക്കെതിരെ വെല്ലുവിളി ഉയരാന്‍ കാരണം. ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടതിനേക്കാള്‍ പ്രാധാന്യം ഒരു പശു ചാകുന്നതിന് നല്‍കുന്നതും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം ബുലന്ദ്ശഹറില്‍ പശുഭീകരതയുടെ പേരില്‍ പോലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയതാണ് നസീറുദ്ദീന്‍ ഷാ പരാമര്‍ശിച്ചത്. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സാഹിത്യോത്സവത്തിലെ പരിപാടി ഷാക്ക് റദ്ദാക്കേണ്ടി വന്നിരുന്നു.