ഇസ്ലാമാബാദ്- തടി കൂടിയ ജീവനക്കാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ). ഈ 'പ്രശ്‌നം' പരിഹരിക്കാന്‍ ഒരു പുതിയ തിട്ടൂരം ഇറക്കിയിരിക്കുകയാണ് കമ്പനി. വണ്ണം കുറച്ച് സ്ലിമ്മും സ്മാര്‍ട്ടും ഫിറ്റുമാകാന്‍ ജീവനക്കാര്‍ക്ക് ആറു മാസ സമയാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇതിനകം സ്ലിം ആയി വന്നില്ലെങ്കില്‍ പണികാണില്ലെന്നാണ് മുന്നറിയിപ്പ്. ഇതു കര്‍ശനമായി പാലിക്കണമെന്ന പ്രത്യേക നിര്‍ദേശവും ഉത്തരവിലുണ്ട്. വിമാനത്തില്‍ വണ്ണക്കൂടുതലുളള ജീവനക്കാരെ ആരും ഇഷ്ടപ്പെടുന്നില്ലെന്നാണ് ഇതു സംബന്ധിച്ച് കമ്പനി വക്താവ് മശ്ഹൂദ് തജ്‌വാറിന്റെ പ്രതികരണം. പൊണ്ണത്തടിയുള്ള ജീവനക്കാരെ കുറിച്ച് കമ്പനിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തടികുറക്കാന്‍ വെറുതെ ഉത്തരവിടുക മാത്രമല്ല കമ്പനി ചെയ്തിരിക്കുന്നത്. ശരീര ഭാര പട്ടികയും കൃത്യമായി കുറച്ചു കൊണ്ടുവരേണ്ട അളവുമെല്ലാം വിശദമായി ഉത്തരവിനൊപ്പം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം അഞ്ചടി ഏഴിഞ്ച് ഉയരമുള്ള സ്ത്രീക്ക് 60 മുതല്‍ 66 കിലോ വരെ ഭാരം മാത്രമെ അനുവദിക്കൂ. ഓരോരുത്തരുടേയും ശരീര ആകൃതിക്കും ഉയരത്തിനും അനുസരിച്ചുള്ള ഭാരം എത്രവേണമെന്ന് ഈ പട്ടികയിലുണ്ട്. ആവശ്യമായി ഭാരത്തിനു പുറമെ 30 എല്‍.ബി.എസ് അധികാരമുള്ള ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും വൈദ്യ പരിശോധനയ്ക്കായി എയര്‍ ക്രൂ മെഡിക്കല്‍ സെന്ററിലേക്ക് റഫര്‍ ചെയ്യുമെന്നും ഉത്തരവ് പറയുന്നു. നിശ്ചിത ശരീര ഭാരത്തിന്റെ തോതിലേക്ക് തടി കുറയുന്നത് വരെ ഇവിടെ ചികിത്സയും നല്‍കും.
നിവില്‍ ഭാരക്കൂടുതല്‍ കാരണം നിരീക്ഷണത്തിലുള്ളവര്‍ ഓരോ മാസവും റിപോര്‍ട്ട് നല്‍കി ശരീരഭാരം അധികൃതരെ അറിയിക്കണം. ഇതു പരിശോധിച്ച ശേഷമെ വിമാനത്തില്‍ കയറാന്‍ ഇവര്‍ക്ക് ക്ലിയറന്‍സ് നല്‍കൂ. ഏകദേശം 1800-ഓളം ജീവനക്കാര്‍ക്കാണ് ഈ ഉത്തരവ് നല്‍കിയിരിക്കുന്നത്. യോഗ്യത അനുസരിച്ചുള്ള ശരീര ഭാരത്തേക്കാള്‍ 13.6 കിലോ വരെ അധികം ഭാരമുള്ളവരേയും ഇപ്പോള്‍ അനുവദിക്കുന്നുണ്ട്.