ന്യുദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദല്‍ഹിയില്‍ കോണ്‍ഗ്രസുമായി എഎപി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസിനെ തളളി മുഖ്യമന്ത്രിയും എഎപി നേതാവുമായി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന് ഒരിക്കലും വോട്ടു ചെയ്യരുതെന്ന് അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ഏഴു എംപിമാര്‍ ദല്‍ഹിയുടെ വികസനത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടു ചെയ്യരുത്. കോണ്‍ഗ്രസിന് വോട്ടു ചെയ്താല്‍ അത് നരേന്ദ്ര മോഡിക്ക് കരുത്താകുമെന്നും വോട്ടുകള്‍ ഭിന്നിച്ചു പോകരുതെന്നും ഏഴു സീറ്റിലും എഎപിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദല്‍ഹിയില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സഖ്യത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേജ്‌രിവാള്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യരുതെന്ന് അണികളോട് തീര്‍ത്തു പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. ഇരു പാര്‍ട്ടികളും ഇതുവരെ ഇക്കാര്യം തളളിയിട്ടില്ല.
ദല്‍ഹിയില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന സര്‍വെ റിപ്പോര്‍ട്ട് ഈയിടെ പുറത്തുന്നിരുന്നു. മുഖ്യമന്ത്രിയായി കേജ് രിവാള്‍ തന്നെ തുടരണമെന്നാണ് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നതെന്നും സര്‍വേ പറയുന്നു. ഈ പശ്ചാത്തലത്തില്‍ അടുത്ത തെരഞ്ഞെടുപ്പിലും എഎപി സ്വതന്ത്രമായി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് കേജ്‌രിവാളിന്റെ പുതിയ പ്രസ്താവന നല്‍കുന്ന സൂചന. ദല്‍ഹി, പഞ്ചാബ്, ഹരിയാന, ഗോവ, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ ലോക്‌സഭാ സീറ്റുകളിലും മത്സരിക്കാന്‍ ഈയിടെ ചേര്‍ന്ന എഎപി ദേശീയ നിര്‍വാഹക സമിതി യോഗം തീരുമാനിച്ചിരുന്നു. ആകെ 33 സീറ്റുകളാണ് ഈ സംസ്ഥാനങ്ങളിലുള്ളത്.