കൊച്ചി - അറേബ്യൻ നാടുകളിലെ സംഗീതാവിഷ്‌കാരങ്ങളിൽ മലബാറിലെ മാപ്പിള സംസ്‌കാരത്തിന്റെ സ്വാധീനം പ്രകടമാണെന്ന് പ്രശസ്ത ആഗോള എത്‌നോ മ്യൂസിക്കോളജിസ്റ്റ് റോൾഫ് കില്ലിയസ് പറഞ്ഞു. ഓൺലൈൻ വിജ്ഞാനകോശമായ സഹാപീഡിയയുടെ അഭിമുഖം പരിപാടിയുടെ ഭാഗമായി കാലടി സംസ്‌കൃത സർവകലാശാലയിലെ സംഗീത വിഭാഗത്തിൽ സംഘടിപ്പിച്ച 'വേർ ദ സീ കിസ്സസ് ദ ഡെസർട്ട്' എന്ന സംഭാഷണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോൾഫ് ഇന്ത്യ, അറേബ്യ, പേർഷ്യൻ രാജ്യങ്ങളിലെ സംഗീത സംസ്‌കാരത്തെക്കുറിച്ച് വിശദമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പ്രമുഖ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ സംഗീത സംസ്‌കാരത്തെ കുറിച്ച് പഠിക്കവേയാണ് മാപ്പിള സംഗീതവും അറേബ്യൻ സംഗീതവും തമ്മിലുള്ള സാദൃശ്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. അറേബ്യൻ നാടുകളിലെ സംഗീതോപകരണങ്ങളിലും അവതരണങ്ങളിലും കാണപ്പെടുന്ന അന്യസംസ്‌കാര സാദൃശ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറവന മുട്ട് പോലുള്ള കലാരൂപങ്ങൾ ഇത്തരത്തിൽ കൈമാറ്റം ചെയ്തിട്ടുണ്ട്. മലബാർ തീരവും ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളും കടൽ മാർഗം വാണിജ്യ ബന്ധങ്ങൾ സജീവമായിരുന്നു. സംഗീത രൂപങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ വ്യാപകമായ സാന്നിധ്യം അറേബ്യൻ സംഗീത ലോകത്ത് കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമുദ്ര യാത്രയുടെ മടുപ്പിക്കുന്ന വിരസതയകറ്റാൻ കപ്പൽ തൊഴിലാളികൾ പാടിയിരുന്ന പാട്ടുകളെക്കുറിച്ചും റോൾഫ് സംസാരിച്ചു. വാണിജ്യ ബന്ധങ്ങൾ സംഗീത സാംസ്‌കാരിക കൈമാറ്റത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹാപീഡിയ, കാലടി സർവകലാശാലയിലെ സെന്റർ ഫോർ ഇൻടാജിബിൾ ഹെറിറ്റേജ്, സംഗീത വിഭാഗം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.