കോഴിക്കോട്- ശബരിമല യുവതി പ്രവേശനത്തിലൂടെ യു.ഡി.എഫിനെ പൂട്ടാൻ മുഖ്യമന്ത്രി പിണറായി ശ്രമിച്ചപ്പോൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ സംവരണത്തിലൂടെ മറുപൂട്ടുമായി പ്രതിപക്ഷം. കെ.എ.എസിലെ സംവരണം ഉയർത്തി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.
കഴിഞ്ഞ ദിവസം മുസ്ലിം സംഘടനകളുടെ യോഗം മുസ്ലിം ലീഗ് വിളിച്ചു ചേർത്തിരുന്നു. കെ.എ.എസ് സംവരണത്തിന് വേണ്ടി പ്രക്ഷോഭത്തിനിറങ്ങാനാണ് തീരുമാനം. പിന്നാക്ക സമുദായ സംഘടനകളുമായി ചർച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ തന്നെ പിന്നാക്ക സമുദായ മുന്നണിയുണ്ട്. ഇതിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും പദ്ധതിയായി.
കെ.എ.എസിലെ പിന്നാക്ക പട്ടികജാതി സംവരണം വിഷയത്തിൽ കോൺഗ്രസും ഇതിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ കോൺഗ്രസ് ഒപ്പമുണ്ടായിരുന്നു. സംവരണ ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
കേരള ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന തസ്തികകളിലെല്ലാം ഇനി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ജീവനക്കാരായിരിക്കും. വകുപ്പ് മേധാവികൾ, ജില്ലാതല മേധാവികൾ തുടങ്ങിയ കുഞ്ചിക സ്ഥാനങ്ങളിലേക്ക് ഐ.എ.എസ് മാതൃകയായാണ് കെ.എ.എസ് ആവിഷ്കരിച്ചത്. ഏറെ കാലമായി സംസ്ഥാനത്ത് ഇതിനായി ചർച്ച നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് യാഥാർത്ഥ്യമായത്.
മൂന്ന് ധാരയിലായിട്ടാണ് കെ.എ.എസിൽ നിയമനം നടക്കുക. ആദ്യത്തെ ധാര നേരിട്ടുള്ള നിയമനമാണെങ്കിൽ മറ്റ് രണ്ട് ധാരകളും സർക്കാർ ജീവനക്കാരിൽനിന്നുള്ളതാണ്. ബൈട്രാൻസ്ഫർ നിയമനം എന്നാണ് വിശേഷിപ്പിക്കുന്നത്. ആദ്യത്തേതിൽ സംവരണ വ്യവസ്ഥകൾ പാലിക്കുമെങ്കിലും മറ്റു രണ്ടിലും സംവരണമുണ്ടാകില്ല.
നിലവിൽ സംവരണാനുകൂല്യം വഴി സർക്കാർ ജോലി നേടിയവരിൽ നിന്നുള്ള നിയമനമായതിനാലാണ് സംവരണം അനുവദിക്കാത്തതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിക്കുകയുണ്ടായി. എന്നാലിത് സംവരണ അട്ടിമറിയാണെന്ന് പിന്നാക്ക സംഘടനകൾ ഒന്നടങ്കം പറയുന്നു. സംസ്ഥാന പട്ടികജാതി വർഗ കമ്മീഷനും പിന്നാക്ക സമുദായ കമ്മീഷനും സംവരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സംവരണം അനുവദിക്കേണ്ടെന്നാണ്.
രണ്ട് ധാരകൾക്ക് ബൈ ട്രാൻസ്ഫർ എന്ന് പറയുന്നത് ശരിയല്ലെന്ന് നിയമസഭയിൽ മുസ്ലിം ലീഗിലെ ടി.എ അഹമ്മദ് കബീർ ചൂണ്ടിക്കാട്ടിയതാണ്. യഥാർത്ഥ ബൈ ട്രാൻസ്ഫറിൽ വീണ്ടും പി.എസ്.സി പരീക്ഷ നടത്തി റാങ്ക് പട്ടികയുണ്ടാക്കില്ല. ഇവിടെ സർക്കാർ സർവീസ് എന്നത് യോഗ്യത മാത്രമേ ആകുന്നുള്ളൂ.
സംസ്ഥാനത്തെ ഏറ്റവും സുപ്രധാന തസ്തികകളിൽ സംവരണം പാലിക്കാഞ്ഞാൽ നാടിനെ പിറകോട്ടടിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. സി.പി.എം നിയന്ത്രിത പട്ടികജാതി സംഘവും സംവരണത്തിനായി ആവശ്യപ്പെട്ടിരുന്നു.
സവർണർക്കെതിരായി അവർണറുടെ മുന്നേറ്റമെന്ന് വിശേഷിപ്പിച്ചതിനാലാണ് മുഖ്യമന്ത്രി ശബരിമലയുമായി ബന്ധപ്പെട്ട് നവോത്ഥാന സന്ദേശം ഉയർത്തിയത്. പിന്നാക്ക സമുദായ സംഘടനകളായ എസ്.എൻ.ഡി.പി, കെ.പി.എം.എസ് തുടങ്ങിയ സംഘടനകളുടെ പിന്തുണ മുഖ്യമന്ത്രിക്ക് ലഭിക്കുകയും ചെയ്തു. ആർ.എസ്.എസിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള ശബരിമല ഓപറേഷൻ വഴി ന്യൂനപക്ഷ സമുദായത്തിന്റെ പ്രത്യേകിച്ച് മുസ്ലിംകളുടെ അനുഭാവം മുഖ്യമന്ത്രിക്ക് അനുകൂലമായിട്ടുണ്ടെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് സംവരണ വിഷയം മുൻനിർത്തി പുതിയ പോർമുഖം തുറക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുന്നത്. പുതുതായി ഇടതുമുന്നണിയിൽ അംഗത്വം ലഭിച്ച ഐ.എൻ.എല്ലിന് ഇത് തലവേദനയാകും.
അഭ്യസ്തവിദ്യരായ പിന്നാക്ക സമുദായക്കാരാണ് മാറിയ സാഹചര്യത്തിൽ സർക്കാറിന് അനുകൂലമായതെന്ന് നിരീക്ഷിക്കപ്പെടുമ്പോഴാണ് അതേ വിഭാഗത്തിന് അവസരം ഇല്ലാതാക്കുന്ന സംവരണ നിഷേധം ചർച്ചാവിഷയമാകുന്നത്.