പട്‌ന: എന്‍ ഡി എ സഖ്യത്തിനു പിറകെ ബീഹാറില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തിനൊരുങ്ങി മഹാസഖ്യം. സംസ്ഥാനത്തെ 40 സീറ്റുകള്‍ പങ്കിടുന്നതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ സഖ്യകക്ഷി നേതാക്കള്‍ തിങ്കളാഴച തുടങ്ങുമെന്നാണ് സൂചനകള്‍.
പ്രാഥമിക ചര്‍ച്ചകളില്‍ രാഷ്ട്രീയ ജനതാദളിനെ പ്രതിനിധീകരിച്ച് തേജസ്വി യാദവും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുടെ പ്രതിനിധിയായി മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്‌വഹയും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയുടെ ജിതന്‍ റാം മാഞ്ജിയും പങ്കെടുക്കും. പുറമേ, മദന്‍ മോഹന്‍ ഝാ ഉള്‍പ്പെടെയുളള ബീഹാര്‍ കോണ്ഗ്രസിലെ പബലരായ നേതാക്കളും പങ്കെടുക്കും.
സീറ്റ് വിഭജനം മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന സഖ്യത്തില്‍ എല്ലാവരും, പ്രത്യേകിച്ച് ജിതന്‍ റാം മാഞ്ജിയും ഉപേന്ദ്ര കുഷ്‌വഹയും, പരമാവധി സീറ്റുകള്‍ ആവശ്യപ്പെടും.
നിലവില്‍ 243 അംഗ ബീഹാര്‍ നിയമ സഭയില്‍ 80 അംഗങ്ങളുളള ആര്‍ ജെ ഡി ആണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട ആര്‍ജെഡി വന്‍ തിരിച്ചു വരവാണ് 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയത്. നിലവിലെ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡുമായിച്ചേര്‍ന്നാണ് ആര്‍ജെഡി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ടു പാര്‍ട്ടികളും കൂടി മന്ത്രി സഭ രൂപികരിച്ചെങ്കിലും ഇടക്കാലത്ത് നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേരുകയായിരുന്നു.
'ഞങ്ങള്‍ ചോറും മീനും തിന്നും മഹാസഖ്യത്തെ തെരഞ്ഞെടുപ്പ് വിജയിപ്പിക്കുകയും ചെയ്യും' എന്നാണ് മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. തിങ്കളാഴ്ചത്തെ പ്രഥമ യോഗത്തിനായി 200 കിലോ മീനാണ് ഒരുക്കിയിട്ടുളളത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാനത്ത് എന്‍ ഡി എ സഖ്യം കഴിഞ്ഞ് മാസം സീറ്റ് വിഭജനം പുര്‍ത്തിയാക്കിയിരുന്നു. ബി ജെ പിയും ജനതാ ദൾ സെകുലറും 17 സീറ്റുകളിൽ വീതം മത്സരിക്കും. ലോക് ജനശക്തി പാർട്ടി ആറ് സീറ്റുകളിൽ മത്സരിക്കും.
ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ, ബീഹാർ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറും എൽ ജെ പി അധ്യക്ഷൻ രാംവിലാസ് പാസ്വാൻ തുടങ്ങിയവർ പങ്കെടുത്ത മാരത്തോണ് ചർച്ചകൾക്ക് ശേഷമാണ് തീരുമാനം വന്നത്.