റായ്പുര്‍- ഛത്തീസ്ഗഢില്‍ യുവാവ് അമ്മയെ വെട്ടിക്കൊന്ന് രക്തം കുടിച്ചതായി റിപ്പോര്‍ട്ട്. കോര്‍ബ ജില്ലയില്‍ പുതുവത്സര രാത്രിയായിരുന്നു സംഭവം. ആഭിചാരകര്‍മത്തിന്റെ ഭാഗമായാണ് യുവാവ് നരബലി നടത്തി ചോരകുടിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
ദിലീപ് യാദവെന്ന 27 കാരനാണ് 50 വയസ്സായ അമ്മ സുമരിയയെ വെട്ടിക്കൊന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായ അയല്‍വാസിയാണ് സംഭവം നടന്ന് മൂന്ന് ദിവസത്തിനുശേഷം വിവരം പുറത്തു പറഞ്ഞത്. ദിലീപ് യാദവ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
ഡിസംബര്‍ 31-ന് സുമരിയയെ കാണാനായി വീട്ടിലെത്തിയപ്പോള്‍ അസാധാരണ ശബ്ദം കേട്ടുവന്നും തുടര്‍ന്ന് നോക്കിയപ്പോള്‍ ദിലീപ് അമ്മ യെ മഴുകൊണ്ട് വെട്ടുന്നതാണ് കണ്ടതെന്നും അയല്‍ക്കാരി സമിറാന്‍ യാദവ് പറയുന്നു.
ദിലീപ് അമ്മയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ദിവസത്തിനു ശേഷം സമിറാന്‍ യാദവ് മരുമകനോടാണ് സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
വീട്ടിലെത്തിയ പോലീസ് കരിഞ്ഞ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തി. സമീപത്തുനിന്ന് പൂജാ സാധനങ്ങള്‍ ലഭിച്ചതിനാലാണ് ആഭിചാരത്തിനായുള്ള നരബലിയാണെന്ന നിഗമനത്തിലെത്തിയത്. യുവാവ് താന്ത്രിക കര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരുന്നയാളാണ്. ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വീട്ടില്‍നിന്ന് ലഭിച്ചു. താന്ത്രിക കര്‍മങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. ഗ്രാമവാസികള്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് താന്ത്രിക കര്‍മങ്ങള്‍ക്കായുള്ള പുസ്തകങ്ങളും കണ്ടെത്തി. അച്ഛനും സഹോദരനും മരണപ്പെടാനും ഭാര്യ തന്നെ ഉപേക്ഷിച്ചു പോകാനും കാരണം അമ്മയാണെന്ന് യുവാവ് വിശ്വസിച്ചിരുന്നതായി പറയുന്നു.