ന്യൂദല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രതിപക്ഷവും ബിജെപിയും തമ്മിലുളള ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിന്നിടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് കരാറിന്റെ ഭാഗമാണെന്നതിന് തെളിവുകള്‍ ഹാജരാക്കി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. അനില്‍ അംബാനിയുടെ കമ്പനിക്ക് ലാഭം കിട്ടാനായി പൊതുമേഖലാ സ്ഥാപനമായ എച്ച് എ എല്ലിനെ ഒഴിവാക്കി എന്ന ആരോപണം കോണ്‍ഗ്രസ് തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രി പുതിയ രേഖകള്‍ പുറത്ത് വിട്ടത്.
വിമാന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചില കരാറുകള്‍ എച്ച് എ എല്ലിനാണ് നല്‍കപ്പെട്ടിട്ടുളളത് എന്ന് നിര്‍മല സീതാരാമന്‍ ട്വിറ്ററിലൂടെ ഷയര്‍ ചെയ്ത രേഖകള്‍ പറയുന്നു. 26570.8 കോടി രൂപയുടെ കരാറുകള്‍ എച്ച് എ എല്ലിന് കിട്ടിയിട്ടുണ്ട് എന്ന് മന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
രേഖകള്‍ ഷയര്‍ ചെയ്തതിനൊപ്പം, പ്രതിരോധമന്ത്രി രാഹുലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. രാഹുല്‍ എ ബി സി ഡിയില്‍ നിന്ന് തുടങ്ങണമെന്നു പറഞ്ഞ മന്ത്രി റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ വായിച്ചു നോക്കാതെയാണ് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പറഞ്ഞു. രാഹുല്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.
നേരത്തെ, റാഫേല്‍ ഇടപാടില്‍ രാഹുലും നിര്‍മലയും കൊമ്പ് കോര്‍ത്തിരുന്നു. പ്രതിരോധ മന്ത്രി കളളം പറയുകയാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഒന്നുകില്‍, തെളിവുകള്‍ ഹാജരാക്കുക, അല്ലെങ്കില്‍ രാജിവെക്കുക. ഇതായിരുന്നു പ്രതിരോധ മന്ത്രിയോടുളള രാഹുലിന്റെ വെല്ലുവിളി.
കരാര്‍ വിവാദം തുടങ്ങിയത് റാഫേൽ ഇടപാടിൽ ഫ്രഞ്ച് കമ്പനി ഡസോൾട്ട് അനിൽ അംബാനിയുടെ റിലയൻസിനെ പങ്കാളിയാക്കിയതോടെയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎല്‍) ചേർന്ന് വിമാനങ്ങൾ നിർമിക്കാനായിരുന്നു 2012 ലെ യുപിഎ സർക്കാർ ഫ്രാന്‍സിലെ ഡസോൾട്ട് കമ്പനിയുമായി കരാർ ഒപ്പുവച്ചത്. ഏകദേശം 54,000 കോടി രൂപ വരുന്ന 10.2 ബില്യണ്‍ ഡോളറിന്റേതായിരുന്നു കരാര്‍. 2014 മാര്‍ച്ചില്‍ ഡാസോൾട്ടും എച്ച്എഎല്ലും വര്‍ക് ഷെയര്‍ കരാറും ഒപ്പിട്ടിരുന്നു.
എന്‍ ഡി എ അധികാരത്തിലെത്തിയതോടെ പഴയ കരാറിന് പകരം 2016 സെപ്തംബര്‍ 23ന് 59,000 കോടി രൂപയുടെ പുതിയ കരാര്‍ ഒപ്പു വെച്ചു. ദിവസങ്ങള്‍ക്കകം ഡസോൾട്ട് ഏവിയേഷന്‍സും റിലയന്‍സ് എയ്റോസ്പേസും ചേര്‍ന്ന് സംയുക്ത സംരംഭത്തിനു തുടക്കം കുറിച്ചു . എച്ച്എഎല്ലിനെ ഒഴിവാക്കിയായിരുന്നു റിലയൻസിനെ കരാറിന്റെ ഭാഗമാക്കിയത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കരാറിൽ അനില്‍ അംബാനിയെ ഭാഗമാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്നായിരുന്നു പ്രധാന ആരോപണം. താനോ തന്റെ കാമുകിയോ ഇടപെട്ടല്ല, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് അനിൽ അംബാനി കരാറിൽ ഉള്‍പ്പട്ടതെന്ന് സൂചിപ്പിച്ച് ഫ്രാൻസിന്റെ മുൻ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്തും രംഗത്തെത്തിയിരുന്നു.