Sorry, you need to enable JavaScript to visit this website.

റഷ്യന്‍ സുന്ദരിയെ വിവാഹം കഴിച്ചു; മലേഷ്യന്‍ സുല്‍ത്താന് സ്ഥാനഭ്രംശം

ക്വലാലംപൂര്‍: റഷ്യന്‍ സുന്ദരിയെ വിവാഹം കഴിച്ചു എന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ സ്ഥാനമൊഴിഞ്ഞു. പദവിയില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞ വാര്‍ത്ത കൊട്ടാര വൃത്തങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബ്രിട്ടനില്‍ നിന്ന് 1957 ല്‍ സ്വാത്ര്രന്ത്യം നേടിയ ശേഷം ആദ്യമായി സ്ഥാനമൊഴിയുന്ന രാജാവാണ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍. 'ജനുവരി ആറിന് മലേഷ്യയുടെ പതിനഞ്ചാമത്തെ രാജാവായ സുല്‍ത്താന്‍ മുഹമ്മദ് പദവിയില്‍ നിന്നൊഴിഞ്ഞതായി കൊട്ടാരം അറിയിക്കുന്നു,' ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ മലേഷ്യന്‍ കൊട്ടാരം അറിയിച്ചു. സ്ഥാനമൊഴിയാനുളള കാരണം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. 


2016 ഡിസംബറില്‍ രാജപദവിയിലെത്തിയതിന് ശേഷം കഴിഞ്ഞ നവംബറില്‍ സുല്‍ത്താന്‍ മുഹമ്മദ് ആരോഗ്യപരമായ കാരണങ്ങളാല്‍ പദവിയില്‍ നിന്ന് വിട്ടു നിന്നിരുന്നു. തുടര്‍ന്ന്, മുന്‍ മിസ് മോസ്‌കോയുമായി മുഹമ്മദ് വിവാഹിതനായി എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുല്‍ത്താന്‍ മുഹമ്മദിന്റെ വിവാഹ വാര്‍ത്ത കൊട്ടാരം ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. സമീപകാലത്ത്, മലേഷ്യയിലെ ഇസ്ലാമിക പണ്ഡിതര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം വിളിച്ചിരുന്നുവെന്നും അതിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നതെന്നും വാര്‍ത്തകളുണ്ട്. നിലവില്‍ ജനാധിപത്യ രാജ്യമായ മലേഷ്യയില്‍ ഓരോ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ രാജാക്കന്‍മാര്‍ മാറി വരാറുണ്ട്. ഒമ്പത് പ്രവിശ്യയിലെയും രാജാക്കന്‍മാരാണ് മലേഷ്യന്‍ രാജാവായി അവരോധിക്കപ്പെടാറുളളത്.
 

Latest News