ലഖ്‌നൗ: സ്വകാര്യ ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ കുടുങ്ങി ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ സെക്രട്ടറിമാര്‍. കൈക്കൂലി ആവശ്യപ്പെടുന്നതിനിടെയാണ് യോഗി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാര്‍ ഒളികാമറയില്‍ കുടുങ്ങിയത്.
എക്‌സൈസ്-ഖനന മന്ത്രി അര്‍ച്ചന പാണ്ഡേ, പിന്നോക്ക വിഭാഗ ക്ഷേമകാര്യ മന്ത്രി ഓം പ്രകാശ് രാജ്ഭര്‍, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിംഗ് എന്നിവരുടെ സെക്രട്ടറിമാരാണ് സേവന ദാതാക്കളില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ എ ബി പി ന്യൂസ് പുറത്തു വിട്ടത്. ഓം പ്രകാശ് രാജ്ഭറിന്റെ സെക്രട്ടറി ഒരു ട്രാന്‍സ്ഫറിന് വേണ്ടി 40 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെടുന്നത്. അര്‍ച്ചന പാണ്ഡെയുടെ സെക്രട്ടറി ഖനന സംബന്ധമായ ഇടപാടിനിടയിലാണ് കൈക്കൂലി ചോദിക്കുന്നത്. പുസ്തക സംബന്ധമായ കരാറിനിടെ സന്ദീപ് സിംഗിന്റെ സെക്രട്ടറി കൈക്കൂലി ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ കരാറുകാരുടെ വേഷത്തിലെത്തിയാണ് സെക്രട്ടറിമാരെ വീഴ്ത്തിയത്. പണം നല്‍കുകയാണെങ്കില്‍ യൂണിഫോം-പുസ്തക കരാറുകള്‍ നല്‍കാമെന്ന് സെക്രട്ടറി ഉറപ്പു നല്‍കുന്നതായി ദൃശ്യങ്ങളില്‍ കാണാം.
സംഭവം നാണക്കേടായതോടെ യോഗി സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു വന്നിട്ടുണ്ട്. മൂന്നു പേരെയും സര്‍ക്കാര്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍ പ്രദേശ് പോലീസിലെ പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ പുറത്തു വന്നതിന് ശേഷം മുഖ്യമന്ത്രി തന്റെ വസതിയില്‍ ഒരു അടിയന്തിര യോഗം വിളിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തില്‍ ചീഫ് സെക്രട്ടറി പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.