ന്യുദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ യുപിയില്‍ വൈരികളായ എസ്പിയും ബിഎസ്പിയും സഖ്യ നീക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ കുരുക്കിലാക്കാന്‍ ഖനന കേസുമായി സിബിഐ. ജനുവരി രണ്ടിന് രജിസ്റ്റര്‍ ചെയ്ത അനധികൃത ഖനന കേസില്‍ യുപി മുന്‍ മുഖ്യമന്ത്രിയായ അഖിലേഷിന്റെയും മുന്‍ മന്ത്രിയായ ഗായത്രി പ്രജാപതിയുടേയും പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച സിബിഐ യുപിയിലും ദല്‍ഹിയിലുമായി 14 ഇടങ്ങളില്‍ റെയ്ഡ് നടത്തി. 2012-നും 2016-നുമിടയില്‍ യുപിയിലെ ഹാമിര്‍പൂരില്‍ നടന്ന അനധികൃത ഖനനമാണ് അന്വേഷിക്കുന്നത്. ഈ കാലയളവില്‍ ഖനന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രിമാരുടെ പങ്കും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതുണ്ടെന്ന് എഫ്‌ഐആറില്‍ സിബിഐ വ്യക്തമാക്കുന്നു. അലഹാബാദ് ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. 2012-നും 2016-നുമിടയില്‍ അഖിലേഷും പ്രജാപതിയുമാണ് ഖനന വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്.
എസ്.പി എല്‍എല്‍സി രമേഷ് കുമാര്‍ മിശ്ര, ബിഎസ്പി നേതാവ് സഞ്ജയ് ദിക്ഷിത്, മുന്‍ ഹാമിര്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റും യുവ ഐഎഎസ് ഉദ്യോഗസ്ഥയുമായി ബി ചന്ദ്രലേഖ എന്നിവരുടെ വീടുകളും റെയ്ഡ് ചെയ്തവയില്‍ ഉള്‍പ്പെടും. ദല്‍ഹി, ഹാമിര്‍പൂര്‍, ജലാവ്, നോയ്ഡ, കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്. കേസില്‍ പരാമര്‍ശിക്കപ്പെട്ട 11 പേരുടെ വസതികളിലായിരുന്നു പരിശോധന.
ഇതു രാഷ്ട്രീയ പകപോക്കലാണെന്ന് എസ്പി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ സിബിഐയെ ദുരുപയോഗം ചെയ്ത് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യമുണ്ടാക്കുന്നതില്‍ അവര്‍ക്ക് അസ്വസ്ഥതകളുണ്ടെന്നും എസ്പി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.