ജലന്ദര്‍- പ്രമുഖ ശാസ്ത്രജ്ഞരുടെ 'പുതിയ കണ്ടുപിടിത്തങ്ങള്‍' ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിനെ നാണംകെടുത്തുന്നു. ജലന്ദറിലെ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന 106-ാം സയന്‍സ് കോണ്‍ഗ്രസിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു സെഷനിലാണ് സംഘാടകരെ വെട്ടിലാക്കി ചിരിപടര്‍ത്തുന്ന ശാസ്ത്ര വിവരങ്ങളുമായി രണ്ടു പ്രമുഖര്‍ പ്രസംഗിച്ചത്. കൗരവര്‍ ടെസ്റ്റ് ട്യുബ് ശിശുക്കളാണെന്നും രാവണന് 24 വിമാനങ്ങളുണ്ടായിരുന്നെന്നുമടക്കം നിരവധി 'കഥകള്‍' പറഞ്ഞ ആന്ധ്രാ യൂണിവേഴ്‌സിറ്റി വിസി ജി നാഗേശ്വര റാവുവിനു പിന്നാലെ മറ്റൊരാളുടെ പ്രഭാഷണം കൂടി വിവാദമായിരിക്കുകയാണ്. ഇതേ സെഷനില്‍ തന്നെ സംസാരിച്ച ഡോ. കണ്ണന്‍ ജഗധല കൃഷണനാണ് ഭൗതിശാസ്ത്ര കുലപതികളായ ഐസക് ന്യൂട്ടനേയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേയും സ്റ്റീഫന്‍ ഹോക്കിങിനേയും ഇന്ത്യന്‍ ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ ഡോ എ.പി.ജെ അബ്ദുല്‍ കലാമിനേയും തള്ളിയത്. തമിഴ്‌നാട്ടിലെ ആളിയാറിലെ വേള്‍ഡ് കമ്യൂണിറ്റി സര്‍വീസ് സെന്ററിലെ സീനിയര്‍ റിസര്‍ച് സയന്റിസ്റ്റ് എന്നു പരിചയപ്പെടുത്തുന്ന ഡോ. കണ്ണന്‍ പ്രസംഗിച്ചത് ഐന്‍സ്റ്റീനും ഹോക്കിങും അവരുടെ സിദ്ധാന്തങ്ങള്‍ കൊണ്ട് ലോകത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇതു തിരുത്തുന്നതാണ് തന്റെ സിദ്ധാന്തം എന്നുമാണ്.
പരീക്ഷണങ്ങള്‍ ശരിയാണെങ്കിലും മൊത്തം ഭൗതിക ശാസ്ത്ര സിദ്ധാങ്ങളും തെറ്റാണ്. എന്റെ സിദ്ധാന്തം എല്ലാ വിശദീകരിക്കുന്നു. എന്റേത് ഒരു ഏകീകൃത സിദ്ധാന്തമായിരിക്കും. തന്റെ സിദ്ധാന്തം അംഗീകരിക്കപ്പെട്ടാല്‍ ഭൂഗുരുത്വാകര്‍ഷണ തരംഗങ്ങളെ നരേന്ദ്ര മോഡി തരംഗങ്ങളെന്ന് പുനര്‍നാമകരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കലാമിനേക്കാള്‍ വലിയ ശാസ്ത്രജ്ഞനാണ് ബിജെപി നേതാവും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ് വര്‍ധനനെന്നും അദ്ദേഹം പറഞ്ഞു. തന്റെ കണ്ടുപിടിത്തത്തോടെ ഭൂഗുരത്വ ലെന്‍സിംഗ് പ്രഭാവത്തിന്റെ പേര് ഹര്‍ഷ് വര്‍ധന്‍ പ്രഭാവം എന്നാകുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച നടന്ന സെഷനിലാണ് ഈ രണ്ടു പേരും പ്രസംഗിച്ചത്. ഇന്ത്യയിലെ ശാസ്തരജ്ഞരുടെ ഏറ്റവും വലിയ സമ്മേളനമായി സയന്‍സ് കോണ്‍ഗ്രസില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായത് വാര്‍ത്തയായതോടെ സംഘാടകരും ഇവരില്‍ നിന്ന് അകലം പാലിക്കുകയാണ്. ഈ പ്രഭാഷണങ്ങളെ കുറിച്ച് അറിയില്ലെന്നാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ ജനറല്‍ പ്രസിഡന്റ് ഡോ മനോജ് കുമാര്‍ ചക്രവര്‍ത്തി പറയുന്നത്. ഇവര്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കാനുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം കേട്ടവരെ പോലെ തനിക്കും ഇതിനു പിന്നലെ യുക്തി പിടികിട്ടിയിട്ടില്ല. ശാസ്ത്രീയ അടിത്തറയില്ലാത്തെ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പരിപാടിയില്‍ ശാസ്ത്രത്തിനാണ് പ്രധാന്യം. ഈ വേദിയില്‍ താനുണ്ടായിരുന്നെങ്കില്‍ ഇതു ചോദ്യം ചെയ്യുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.