Sorry, you need to enable JavaScript to visit this website.

അമേത്തിയും റായ്ബറേലിയും കോണ്‍ഗ്രസിന് ഒഴിച്ചിടും; എസ്.പി-ബി.എസ്.പി സഖ്യമായി

ലഖ്‌നൗ- ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യമായി നേരിടുന്നതിന് ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബി.എസ്.പി) സമാജ് വാദി പാര്‍ട്ടിയും (എസ്.പി) തീരുമാനിച്ചതായി സമാജ് വാദി പാര്‍ട്ടി നേതാവ് അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം മാസാവസാനം ഉണ്ടാകുമെന്ന് സമാജ് വാദി പാര്‍ട്ടി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള പ്രധാന പാര്‍ട്ടികളാണ് എസ്.പിയും ബി.എസ്.പിയും.
സഖ്യരൂപീകരണം സമാജ് വാദി പ്രസിഡന്റ് അഖിലേഷ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും തത്ത്വത്തില്‍ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. ഇരുനേതാക്കളും തമ്മില്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയിലെത്തിയിരിക്കുന്നത്. മായാവതിയും അഖിലേഷും വെള്ളിയാഴ്ചയും ചര്‍ച്ച നടത്തിയിരുന്നു. മറ്റു പാര്‍ട്ടികളുമായും സംഭാഷണം തുടരുകയാണെന്ന് എസ്.പി വക്താവ് പറഞ്ഞു.
പടിഞ്ഞാറന്‍ യു.പിയില്‍ സ്വാധീനമുള്ള രാഷ്ട്രീയ ലോക് ദള്‍ (ആര്‍.എല്‍.ഡി) ചര്‍ച്ച നടത്തുന്ന പാര്‍ട്ടികളില്‍ പ്രധാനമാണ്. യു.പി സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന് അത് അഖിലേഷും മായാവതിയും തീരുമാനിക്കുമെന്നായിരുന്നു മറുപടി. അമേത്തിയിലും റായ്ബറേലിയിലും സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്കുമായി ഒഴിച്ചിടും. രാഷ്ട്രീയമായി നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍നിന്ന് 80 എം.പിമാരാണ് ലോക്‌സഭയില്‍ എത്താനുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന മൂന്ന് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിച്ച നീക്കത്തിനു സാധിച്ചിരുന്നു.
സമാജ്‌വാദി പാര്‍ട്ടിയും  ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഒറ്റയ്ക്ക് പോരാടാന്‍ നിര്‍ബന്ധിതമായിരിക്കയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പാര്‍ട്ടി തയാറാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ പി.എല്‍.പൂനിയ വ്യക്തമാക്കി. സഖ്യമെന്നതു പ്രധാനമല്ലെന്നും  ആരോടും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കോണ്‍ഗ്രസിനെ തഴയുകയാണെന്ന ആരോപണങ്ങള്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് തള്ളി. ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കാതിരുന്നതില്‍ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചിരുന്നു. മധ്യപ്രദേശില്‍ തങ്ങളുടെ നിയമസഭാംഗത്തെ മന്ത്രിയാക്കാത്തതില്‍ കോണ്‍ഗ്രസിനോട് നന്ദിയുണ്ട്. ഉത്തര്‍പ്രദേശിലെ വഴിയാണ് ഇപ്പോള്‍ വ്യക്തമായത്- ഇതായിരുന്നു സഖ്യസാധ്യതകളെ പരാമര്‍ശിച്ച് അഖിലേഷിന്റെ പ്രതികരണം.

 

Latest News