Sorry, you need to enable JavaScript to visit this website.

പിണറായി വിജയന്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നു -മുല്ലപ്പള്ളി

ന്യൂദല്‍ഹി- കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ന്നു യുദ്ധക്കളമായി മാറിയതിന്റെ പ്രധാന ഉത്തരവാദിത്തം ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘര്‍ഷങ്ങള്‍ തുടരുമ്പോഴും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനങ്ങളാണ് ഉണ്ടാകുന്നത്. കണ്ണൂര്‍ വീണ്ടും അക്രമ രാഷ്ട്രീയത്തിലേക്കു വഴി മാറുന്ന കാഴ്ചയാണ് കാണുന്നത്. സംസ്ഥാന ഡി.ജി.പിയുടെ പ്രസ്താവനകള്‍ പോലും സംസ്ഥാനത്ത് ക്രമസമാധാനം പാടേ തകര്‍ന്നു എന്നതിന്റെ തെളിവാണ്.
നാളെ സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് ബ്ലോക്ക് ആസ്ഥാനത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാന സന്ദേശ സംഗമങ്ങള്‍ നടത്തും. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണു കോണ്‍ഗ്രസിന്റെ ആവശ്യം. മുഖ്യമന്ത്രി രാജിവെക്കണം എന്നു കോണ്‍ഗ്രസ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് അതിന്റെ ആവശ്യമില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ മറുപടി. എന്നാല്‍, മുഖ്യമന്ത്രിയുടെ ഇപ്പോഴുള്ള നിലപാടുകളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി കാണിക്കാറുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് ആശുപത്രിയിലായവര്‍ക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തത് ആഭ്യന്തര ചുമതലയുള്ള പിണറായി വിജയന്റെ അറിവോടെയാണ്. വനിതാ മതിലില്‍ ധാരാളം നായര്‍ സ്ത്രീകള്‍ പങ്കെടുത്തുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സാമുദായിക ചുവയുള്ളതാണെന്നും ഒരു രാഷ്ട്രീയ നേതാവിന് ചേരുന്നതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതിനിടെ, സംസ്ഥാനത്ത് ബി.ജെ.പിക്കെതിരായി നില്‍ക്കുമ്പോള്‍തന്നെ കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ നില്‍ക്കാനുള്ള അവസരങ്ങളെല്ലാം തന്നെ സി.പി.എം പാഴാക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. റഫാല്‍ ചര്‍ച്ചയില്‍ സി.പി.എമ്മില്‍നിന്ന് പേരിനൊരു എം.പി മാത്രമാണ് പങ്കെടുത്തത്. റഫാല്‍ അഴിമതിയില്‍ ലോക്‌സഭയില്‍ നിര്‍ണായക ചര്‍ച്ച നടന്ന വെള്ളിയാഴ്ച സി.പി.എം അംഗങ്ങള്‍ ലോക്‌സഭയില്‍ ഹാജരുണ്ടായിരുന്നില്ല. ഇത് മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ സര്‍വാധികാരിയുമായ പിണറായി വിജയന്റെ അറിവോടെയല്ലെന്നു കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News