വാഷിംഗ്ടണ്‍- കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെ യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന മതിലിന് കോണ്‍ഗ്രസ് അനുമതിയില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും അത് നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഫണ്ട് അനുവദിക്കണമെന്ന അഭ്യര്‍ഥന സീനിയര്‍ ഡെമോക്രാറ്റുകള്‍ നിരകാരിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന. ഡെമോക്രാറ്റ് അംഗങ്ങളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച പരാജയപ്പെടുകയായിരുന്നു. അതിര്‍ത്തി മതിലിന് പണം കിട്ടുന്നുതുവരെ യു.എസ് ബജറ്റിന് പിന്തുണ നല്‍കില്ലെന്ന നിലപാടിലാണ് ട്രംപ്.
യു.എസില്‍ തുടരുന്ന ഭരണപ്രതിസന്ധിക്ക് അവസാനമാകുന്നുവെന്ന സൂചന നല്‍കി പ്രതിനിധിസഭ ബജറ്റ് ബില്‍ പാസാക്കിയിരുന്നു. എന്നാല്‍, ട്രംപിന്റെ സ്വപ്നപദ്ധതിയായ മെക്‌സിക്കന്‍ മതിലിനുള്ള തുക ഒഴിവാക്കിയാണ് ബില്‍ പാസാക്കിയത്. മൂന്നാഴ്ച പിന്നിടുന്ന ഭരണസ്തംഭനം വര്‍ഷങ്ങള്‍ തുടര്‍ന്നാലും തനിക്ക് പ്രശ്‌നമില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ 22 മുതല്‍ എട്ട് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലാണ്.
ഭരണ സ്തംഭനം ഒഴിവാക്കാന്‍ ട്രംപിന്റെ സഹായികളും ജനപ്രതിനിധികളും അവസാനവട്ട ശ്രമം തുടരുകയാണ്. ഡെമോക്രാറ്റ് നേതാക്കളുമായി ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയെ കുറിച്ച് വളരെ ക്രിയാത്മകമെന്നാണ് ട്രംപ് ആദ്യം പ്രസ്താവിച്ചിരുന്നത്.
മെക്‌സിക്കന്‍ മതില്‍ ബില്‍ ഉള്‍പ്പെടുന്ന ബജറ്റ് ബില്‍ പ്രതിനിധിസഭയില്‍ പാസാക്കാന്‍ കഴിയാത്തതോടെയാണ് നേരത്തേ യു.എസില്‍ ഭരണപ്രതിസന്ധി ഉടലെടുത്തത്. മെക്‌സിക്കന്‍ മതില്‍ ബില്‍ ഉള്‍പ്പെടുത്താതെ ബജറ്റ് ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
നവംബറില്‍ യു.എസില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ പ്രതിനിധിസഭാംഗങ്ങള്‍ വ്യാഴാഴ്ച അധികാരമേറ്റതോടെയാണ് ബില്‍ സഭ പാസാക്കിയത്. പുതിയ പ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. എന്നാല്‍, സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുതന്നെയാണ് മേല്‍ക്കൈ. അവിടെ ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപുമായി ചര്‍ച്ചനടത്തുമെന്ന് പ്രതിനിധിസഭയുടെ പുതിയ മേധാവിയും ഡെമോക്രാറ്റിക് പാര്‍ട്ടിയംഗവുമായ നാന്‍സി പെലോസി പറഞ്ഞു. മെക്‌സിക്കന്‍മതില്‍ നിയമവിരുദ്ധമാണെന്നും അവര്‍ കുറ്റപ്പെടുത്തി. ബില്‍ നിയമമാകാന്‍ സെനറ്റുകൂടി പാസാക്കേണ്ടതുണ്ട്. എന്നാല്‍, ട്രംപിന്റെ പിന്തുണയില്ലാത്ത ബില്ലിനെ സെനറ്റില്‍ പിന്തുണക്കില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മിച്ച് മക് കോണെല്‍ പറഞ്ഞു.
പ്രസിഡന്റിനുള്ള എമര്‍ജന്‍സി അധികാരങ്ങള്‍ ഉപയോഗിച്ച് മതില്‍ നിര്‍മാണവുമായി മുന്നോട്ടു പോകാനാണ് ട്രംപിന്റെ തീരുമാനം. മെക്‌സിക്കന്‍ മതില്‍ വളരെ വേഗം നിര്‍മിക്കേണ്ടതുണ്ടെന്നും ഇനി എമര്‍ജന്‍സി വഴിയാണ് മുന്നിലുള്ളതെന്നും ട്രംപ് പറഞ്ഞു.
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ മതില്‍ നിര്‍മാണവുമായി മുന്നോട്ടു പോകുമെന്ന് ട്രംപ് പറയുമ്പോള്‍, പിന്നെ എന്തിനു സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം മുടക്കുന്നുവെന്നാണ് നിരീക്ഷകരുടെ ചോദ്യം.
യുദ്ധവേളയിലും ദേശീയ അടിയന്തരാവസ്ഥാ വേളയിലും സൈനിക നിര്‍മാണ പദ്ധതികള്‍ക്ക് ഉത്തരവിടാന്‍ യു.എസിലെ നിയമം പ്രസിഡന്റിന് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മറ്റുകാര്യങ്ങള്‍ക്ക് നീക്കിവെച്ച പ്രതിരോധ ഫണ്ടില്‍നിന്നു തന്നെയാണ് ഇതിനുള്ള പണം കണ്ടെത്തേണ്ടത്. ഈ നീക്കം കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളെ പോലും പിന്‍വലിയാന്‍ പ്രേരിപ്പിക്കും. പ്രസിഡന്റിനെ അധികാര വിനിയോഗത്തെ നിയമപരമായി ചോദ്യം ചെയ്യാന്‍ ഡെമോക്രാറ്റുകളെ പ്രേരിപ്പിക്കുമെന്നും മെക്‌സിക്കന്‍ മതിലിന് നിയമപരമായ ചെറുത്തുനില്‍പ്പ് നേരിടേണ്ടി വരുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.