അരിസോണ- മസ്തിഷ്‌ക മരണം സംഭവിച്ച് 14 വര്‍ഷമായി അമേരിക്കയിലെ പരിചരണാലയത്തില്‍ കഴിയുന്ന സ്ത്രീ ആണ്‍കുട്ടിക്ക് ജന്മം നല്‍കി. സംസാരിക്കാനോ പരസഹയമില്ലാതെ ചലിക്കാനോ സാധിക്കാത്ത സ്ത്രി പ്രസവിക്കുന്നതുവരെ അവര്‍ ഗര്‍ഭിണിയാണെന്നതിന് നഴ്‌സുമാര്‍ക്കൊന്നും സൂചന ലഭിച്ചിരുന്നില്ല. ഹാസിയെന്‍ഡ നഴ്‌സിംഗ് കേന്ദ്രത്തിലുണ്ടായ സംഭവം ലൈംഗിക പീഡനത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ എത്തിച്ചിരിക്കയാണ്.
സ്ത്രീയുടെ നരക്കത്തെ തുടര്‍ന്നാണ് ശ്രദ്ധിച്ചതെന്നും അതുവരെ ഗര്‍ഭിണിയാണെന്നതിന് സൂചനകളൊന്നുമുണ്ടായിരുന്നില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് 14 വര്‍ഷം മുമ്പ് മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീ 24 മണിക്കൂറും പരിചരണം ആവശ്യമായ സ്ഥിതിയിലായിരുന്നു. അതുകൊണ്ടുതന്നെ നഴ്‌സിംഗ് കേന്ദ്രത്തിലെ പല ജീവനക്കാരും ഇവരുടെ മുറിയിലെത്താറുണ്ട്.
പോലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റവാളിയെ കണ്ടെത്താനാകുമെന്നും ഹാസിയെന്‍ഡ് നഴ്‌സിംഗ് കേന്ദ്രം വക്താവ് പറഞ്ഞു. സംഭവത്തിനുശേഷം, സ്ത്രീകളുടെ മുറിയില്‍ പോകുന്ന പുരുഷന്മാരോടൊപ്പം വനിതകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയിരിക്കയാണ്.
2013 ഡിസംബറില്‍ ഈ പരിചരണ കേന്ദ്രം ലൈംഗിക വിവാദത്തിലകപ്പെട്ടിരുന്നു. ജീവനക്കാര്‍ രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്നായിരുന്നു അന്ന് ആരോപണം. തുടര്‍ന്ന് സ്ഥാപനത്തിന് അധികൃതര്‍ സാമ്പത്തിക സഹായം നിഷേധിച്ചിരുന്നു.