മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ്-എൻ സി പി സഖ്യത്തിന് സാദ്ധ്യത. ഇരു പാർട്ടികളും നിരവധി തവണ ചർച്ചകൾ നടത്തിയെന്നും സീറ്റ് വിഭജനം സംബന്ധിച്ച് ധാരനായിലെത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. 48 സീറ്റുകളിൽ ഇരുപത് സീറ്റുകളിൽ വീതം ഇരു പാർട്ടികളും മത്സരിച്ചേക്കുമെന്നു എൻ സി പി നേതാവ് പ്രഫുൽ പട്ടേലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാക്കി സീറ്റുകൾ ചെറുപാർട്ടികൾക്ക് വിട്ട് കൊടുക്കും.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യത്തോട് തോറ്റ ശേഷം കോണ്ഗ്രസ്-എൻ സി പി സഖ്യം വഴി പിരിഞ്ഞിരുന്നു. ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കാണ് ഇരു പാർട്ടികളും മത്സരിച്ചത്. പുതിയ സഖ്യം രൂപപ്പെടുന്നതിലൂടെ ബിജെപി വിരുദ്ധ മുന്നണി മഹാരാഷ്ട്രയിൽ ശക്തിപ്പെടും. ഏതായാലും, എൻ സി പിയുടെ സഖ്യ സന്നദ്ധത കോണ്ഗ്രസിന് ആശ്വാസമാണ്. നേരത്തെ, എസ് പിയും ബി എസ് പിയും മഹാസഖ്യത്തിൽ കോണ്ഗ്രസിനെ ഉൾപ്പെടുത്തേണ്ട എന്ന് തീരുമാനിച്ചിരുന്നു. പക്ഷെ, ചില സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യ സാധ്യത ഇപ്പോഴും സജീവമായി നിലനിൽക്കുന്നുണ്ട്.