മുംബൈ- മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പ്രശംസിച്ചും പിന്തുണച്ചും ശിവസേന. മൻമോഹൻ സിംഗിന്റെ ജീവചരിത്രം പറയുന്ന ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രവുമായ ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് മുന്‍ പ്രധാനമന്ത്രിക്ക് പിന്തുണയുമായി ശിവസേന എത്തിയത്. മൻമോഹൻ സിംഗ് ആകസ്മികമായി പ്രധാനമന്ത്രിയായതല്ലെന്നും വിജയം വരിച്ച പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിംഗെന്നും ശിവസേന വ്യക്തമാക്കി. ശിവസേന നേതാവ് സജ്ഞയ് റൗത്താണ് ഇക്കാര്യം പറഞ്ഞത്.
പത്തുവർഷം തുടർച്ചയായി രാജ്യം ഭരിക്കുകയും ജനങ്ങൾ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരുനേതാവ് എങ്ങിനെയാണ് ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററാകുന്നത്. നരസിംഹറാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മൻമോഹൻ സിംഗ്-എൻ.ഡി.എ സഖ്യകക്ഷിയായ ശിവസേന നേതാവ് വ്യക്തമാക്കി. ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററിനെതിരെ നേരത്തെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അനുപം ഖേർ നായകനാകുന്ന സിനിമ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നാണ് കോൺഗ്രസ് ആരോപണം.