Sorry, you need to enable JavaScript to visit this website.

അനില്‍ അംബാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സ്വീഡിഷ് കമ്പനി സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- നല്‍കാനുളള പണം നല്‍കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) മേധാവി അനില്‍ അംബാനിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്വീഡിഷ് ടെലികോം ഉപകരണ നിര്‍മ്മാണ കമ്പനിയായ എറിക്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് നല്‍കാനുള്ള 550 കോടി രൂപ ഇതുവരെ നല്‍കാത്തത് മനപ്പൂര്‍വ്വമുളള കോടതിയലക്ഷ്യമാണെന്നും അംബാനി സുപ്രീം കോടതി ഉത്തരവിനെ മാനിച്ചില്ലെന്നും എറിക്‌സണ്‍ ചൂണ്ടിക്കാട്ടി. അനില്‍ അംബാനിയുടെ ആര്‍കോം മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി നടത്തുന്ന സ്‌പെക്ട്രം, ടവര്‍ വില്‍പ്പന ഇടപാടുകള്‍ ഉടന്‍ മരവിപ്പിക്കണമെന്നും ആര്‍കോമിനെതിരെ പാപ്പര്‍ നടപടികള്‍ ആരംഭിക്കണമെന്നും സ്വീഡിഷ് കമ്പനി ആവശ്യപ്പെട്ടു. നല്‍കാനുള്ള പണം അനില്‍ അംബാനി മനപ്പൂര്‍വ്വം നല്‍കാതിരിക്കുകയാണെന്നാണ് എറിക്‌സണ്‍ ഹര്‍ജിയില്‍ പറയുന്നത്. നിയമത്തെ ധിക്കരിക്കുന്ന അംബാനിക്കെതിരെ സിവില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും എറിക്‌സണ്‍ ആവശ്യപ്പെട്ടു.

ഈ ഇടപാടില്‍ ആര്‍കോം 1600 കോടി രൂപയാണ് എറിക്‌സണ് നല്‍കാനുണ്ടായിരുന്നത്. ഇതു നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ കോടതി മധ്യസ്ഥതയില്‍ നടന്ന ഒത്തു തീര്‍പ്പുനടപടികളില്‍ ഈ തുക 550 കോടി രൂപയായി കുറച്ചു. 2018 സെപ്തംബര്‍ 30-കം ഈ തുക നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ റിലയന്‍സ് ഇതു ലംഘിച്ചു. ഇതിനെതിരെ എറിക്‌സണ്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് അനില്‍ അംബാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് എറിക്‌സണ്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. 

Related Story
കടക്കെണിയിലായ അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണം; സ്വീഡിഷ് കമ്പനി സുപ്രീം കോടതിയില്‍

45,000 കോടിയുടെ കടത്തില്‍ മുങ്ങി വന്‍ പ്രതിസന്ധിയിലാണ് ഏതാനും വര്‍ഷങ്ങളായി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍. സഹോദരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി വില്‍പ്പന കരാര്‍ ഉണ്ടാക്കിയെങ്കിലും ബാധ്യത തീര്‍ക്കാന്‍ അനില്‍ അംബാനിക്ക് കഴിഞ്ഞിട്ടില്ല. ഈ ഇടപാട് പൂര്‍ണമായാല്‍ 15,000 കോടിയുടെ ലഭിക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇതിന്റെ രണ്ടിരട്ടി കടം ബാക്കിയാണ്. ഇതിനിടെ പ്രതിരോധ രംഗത്ത് മുന്‍പരിചയമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സിനെ റഫാല്‍ കരാറില്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതും ക്ഷീണമായിരിക്കുകയാണ്. റഫാല്‍ ഇടപാടിലൂടെ അനില്‍ അംബാനിക്ക് 30,000 കോടിയുടെ ലാഭമുണ്ടാകകാന്‍ മോഡി സര്‍ക്കാര്‍ സൗകര്യമൊരുക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
 

Latest News