തലശ്ശേരി - തിങ്കളാഴ്ചത്തെ സംഘപരിവാർ ഹർത്താലിനെതുടർന്ന് സംഘർഷം നിലനിൽക്കുന്ന തലശ്ശേരിയിൽ പരക്കെ അക്രമവും ബോംബേറും. എ.എൻ ഷംസീർ എം.എൽ.എ, സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി. ശശി, ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.പി എന്നിവരുടെ വീടുകൾക്കു നേരെ ബോംബെറിഞ്ഞു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ തലശ്ശേരി എ.എസ്.പി ഓഫീസിൽ ഇന്നലെ രാത്രി സമാധാന യോഗം നടക്കുന്നതിനിടെയാണ് നേതാക്കളുടെ വീടുകൾക്കുനേരെ ബോംബെറിഞ്ഞത്.
തലശ്ശേരി മാടപ്പീടികയിലെ ഷംസീറിന്റെ വീടിന് നേരെയായിരുന്നു ആദ്യം. ഇന്നലെ രാത്രി 10.15 മണിയോടെ വീടിന് പിന്നിലെ വാട്ടർ ടാങ്കിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. സംഭവ സമയം ഷംസീർ വീട്ടിലുണ്ടായിരുന്നില്ല. എന്നാൽ ഉപ്പയും ഉമ്മയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
വീടിന് പോലീസ് കാവലുള്ളപ്പോഴാണ് ബോംബേറ് നടന്നതെങ്കിലും ആരെയും പിടികൂടിയിട്ടില്ല. അക്രമികൾ വീടിന് പിറകുവശത്തെ ഇടവഴിയാണെത്തിയതെന്ന് സംശയിക്കുന്നു. സംഭവമറിഞ്ഞ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
രാത്രി 11 മണിയോടെയായിരുന്നു പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലേക്കുള്ള ഹോളോവേ റോഡരികിലെ ശശിയുടെ വീടിന് ബോംബെറിഞ്ഞത്. സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട ശശി അടുത്തിടെ സി.പി.എം കോടതി ബ്രാഞ്ചംഗമായി പാർട്ടിയിൽ തിരിച്ചെത്തിയിട്ടുണ്ട്.
രാത്രി 12 മണിയോടെയാണ് എരഞ്ഞോളി വാടിയിൽ പീടികയിലെ വി. മുരളീധരന്റെ തറവാട്ട് വീടിന് ബോംബെറിയുന്നത്. വീട്ടിന്റെ മുറ്റത്ത് വീണാണ് ബോംബ് പൊട്ടിയത്.
മുരളിധരന്റെ ബന്ധുക്കൾ സംഭവ സമയം വീട്ടിലുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ നേത്രത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
അതിനിടെ, അക്രമസംഭവങ്ങളെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.