Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് വന്നാൽ റഫാലിൽ അന്വേഷണം -രാഹുൽ

ന്യൂദൽഹി - തങ്ങൾ അധികാരത്തിൽ എത്തിയാൽ റഫാൽ ഇടപാടിൽ ക്രിമിനൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സുപ്രീം കോടതി വിധിയിൽ റഫാൽ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തരുതെന്ന് ഒരിടത്തും പറയുന്നില്ല. അതിനാൽ തന്നെ ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. റഫാൽ ചർച്ചയിൽ ഇന്നലെ ലോക്‌സഭയിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ മറുപടി പറയുന്നതിന് തൊട്ടുമുമ്പ് പാർലമെന്റിന് പുറത്തു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ. പിന്നീട് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാതെ വൈകാരികമായി പ്രത്യാരോപണം ഉന്നയിക്കുകയായിരുന്നു നിർമല സീതാരാമൻ.
റഫാൽ ഇടപാട് ഹിമാലയത്തോളം പോന്ന അഴിമതിയുടെ അഗ്നിപർവതമാണെന്നും, ബി.ജെ.പി സർക്കാർ അതിനുള്ളിൽ കുഴിച്ചുമൂടപ്പെടുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് മുപ്പതിനായിരം കോടി ലഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒത്താശ ചെയ്തു. റഫാൽ വിഷയം പാർലമെന്റിൽ വന്നശേഷം മോഡി ആ വഴിക്ക് വന്നിട്ടേയില്ല. പ്രധാനമന്ത്രി പാർലമെന്റിലേക്ക് കാലെടുത്ത് വെക്കാതെ ഓടിയൊളിക്കുകയാണ്. റഫാൽ വിമാനങ്ങൾ നിർമിക്കുന്നതിനുള്ള ഉപകരാർ തന്റെ സുഹൃത്തിന് നൽകിയത് വഴി പ്രധാനമന്ത്രി രാജ്യസുരക്ഷ അപകടത്തിലാക്കിയെന്നും രാഹുൽ ആരോപിച്ചു. റഫാൽ വിഷയത്തിൽ ഇന്നലെ സർക്കാരിന് നേർക്ക് രാഹുൽ നാലു ചോദ്യങ്ങൾ ഉന്നയിച്ചു. 
വിമാനങ്ങളുടെ വില 526 കോടി രൂപയിൽനിന്ന് 1600 കോടി രൂപയാക്കി ഉയർത്തിയത് ആരാണ്. വ്യോമസേന, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രാലയം എന്നിവയിൽ ആരാണ് ഇതിന് മുൻകൈയെടുത്തത്? വ്യോമസേനയ്ക്ക് വേണ്ടിയിരുന്നത് 126 വിമാനങ്ങളായിരുന്നു. ഇത് 36 ആക്കി നിജപ്പെടുത്തിയത് വ്യോമസേനയുടെ ആവശ്യപ്രകാരം ആയിരുന്നോ?
റഫാൽ കരാറിലൂടെ അനിൽ അംബാനി 36,000 കോടി രൂപയുടെ നേട്ടമുണ്ടാക്കി. എച്ച്.എ.എല്ലിനെ മറികടന്ന് അനിൽ അംബാനിയെ ഇതിന്റെ ഭാഗമാക്കിയത് ആരാണ്? 
36 വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിൽ പ്രതിരോധ മന്ത്രാലയം ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകൾ ഉയർത്തിയിട്ടുണ്ടോ.
പ്രതിരോധ മന്ത്രാലയം എതിർപ്പ് ഉന്നയിച്ചിരുന്നു എന്നതിന്റെ തെളിവായി രേഖകളുണ്ട്. ഇക്കാര്യത്തിൽ പ്രതിരോധ മന്ത്രി തന്നെ വിശദീകരണം നൽകണം. എതിർപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ പ്രധാനമന്ത്രി എങ്ങനെ മറികടന്നുവെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 
ഫ്രഞ്ചു കമ്പനിയായ ദസോ ഏവിയേഷൻസിന്റെ ആഭ്യന്തര ഇ-മെയിൽ സന്ദേശങ്ങളിൽ റഫാലിന്റെ ഉപകരാർ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന് തന്നെ നൽകണമെന്ന് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടതിന് തെളിവുകളുണ്ട്. 

എന്നാൽ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകാതെ പ്രത്യാരോപണങ്ങൾ നടത്തുകയും, മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയുമായിരുന്നു പ്രതിരോധ മന്ത്രി. ബൊഫോഴ്‌സ് പോലുള്ള അഴിമതിയല്ല റഫാൽ ഇടപാട്. അത് രാജ്യസുരക്ഷയെ കരുതിയുള്ള ഇടപാടാണ്. റഫാൽ ഇടപാടിലെ സുതാര്യതയും കരുതലും മോഡിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. 
പ്രസംഗത്തിനൊടുവിൽ ഒരുവേള പ്രതിപക്ഷം പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ചെന്നും പ്രതിരോധ മന്ത്രി കള്ളം പറഞ്ഞുവെന്നും പറഞ്ഞ് നിർമല സീതാരാമൻ വൈകാരികമായി സംസാരിച്ചു. താൻ ഇടത്തരം കുടുംബ പശ്ചാത്തലത്തിൽനിന്നാണ് വരുന്നത്. പ്രധാനമന്ത്രി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. തങ്ങളെ അപമാനിച്ചാൽ തങ്ങൾക്ക് വേദനിക്കുമെന്നു പറഞ്ഞു പ്രതിപക്ഷത്തിന് നേർക്ക് വിരൽ ചൂണ്ടി അതിവൈകാരികമായാണ് മന്ത്രി സംസാരിച്ചത്. നിർമല സീതാരാമന്റെ പ്രസംഗത്തിന് തൊട്ടു പിന്നാലെ നന്നായി ചെയ്തു, വ്യാജ പ്രചാരണങ്ങളെ നിങ്ങൾ തകർത്തു കളഞ്ഞു, നിങ്ങളെ ഓർത്തു ഞങ്ങളെല്ലാവരും അഭിമാനിക്കുന്നു എന്നാണ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ട്വിറ്ററിൽ കുറിച്ചത്.
എന്നാൽ, റഫാൽ ഇടപാടിൽ താൻ പ്രതിരോധ മന്ത്രി നിർമല സീതാരാമനെയോ മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറെയോ അല്ല കുറ്റപ്പെടുത്തുന്നതെന്നും മറിച്ച് എല്ലാ ആരോപണങ്ങളും പ്രധാനമന്ത്രിക്കു നേരെ തന്നെയാണെന്നും വ്യക്തമാക്കി രാഹുൽ പ്രതിരോധത്തിന്റെ മുനയൊടിച്ചു. പ്രതിരോധ മന്ത്രിയുടെ രണ്ടു മണിക്കൂർ നീണ്ട മറുപടിയിൽ ഒരിക്കൽപോലും അനിൽ അംബാനിയുടെ പേര് പരാമർശിക്കാത്തതെന്താണെന്നും രാഹുൽ ചോദിച്ചു. റഫാൽ കരാറിലേക്ക് അനിൽ അംബാനിയുടെ റിലയൻസിനെ എത്തിച്ചത് മോഡിയാണെന്നു മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസേ ഒളാന്ദ് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം തെറ്റാണെങ്കിൽ മോഡി ഫോണിൽ വിളിച്ചു ഒളാന്ദിനോട് ഇത്തരം കാര്യങ്ങൾ പറഞ്ഞു നടക്കരുതെന്നു പറയണം. റഫാൽ ഇടപാടിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള രഹസ്യ കരാറിൽ വില വിവരം പുറത്തു പറയുന്നതിൽ കുഴപ്പമില്ലെന്ന് വ്യക്തമാക്കിയത് ഫ്രഞ്ചു പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ തന്നെയാണെന്നും രാഹുൽ പറഞ്ഞു.
റഫാൽ ഇടപാടിൽ ജെ.പി.സി അന്വേഷണം വേണമെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുന്നതായി രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും പറഞ്ഞു. 


 

Latest News