Sorry, you need to enable JavaScript to visit this website.

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘം പിടിയിൽ 

കൊച്ചി- ഓസ്‌ട്രേലിയയിൽ തൊഴിൽ വിസ വാഗ്ദാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400 ഉദ്യോഗാർഥികളിൽ നിന്നായി 10 കോടിയോളം രൂപ കൈക്കലാക്കിയ പ്രതികൾ പിടിയിൽ. ഒ.ബി.ഒ.ഇ  ഓവർസീസ് എജുക്കേഷൻ പ്ലേസ്‌മെന്റ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ കോഴിക്കോട് തത്തമംഗലം സ്വദേശി അരുൺ ദാസ് (28), ഡയറക്ടർ പാലക്കാട് മങ്കര സ്വദേശിനി ചിത്ര സി.നായർ (26), സി.ഇ.ഒ കോയമ്പത്തൂർ വളവടി സ്വദേശി ശാസ്തകുമാർ (46), മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് കണ്ണൂർ മട്ടന്നൂർ എളമ്പാല സ്വദേശി വിഷ്ണു (24) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പള്ളുരുത്തി സ്വദേശി എബിൻ എബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിൻ ജോൺ തുടങ്ങിയ ആറുപേരിൽനിന്ന് 13 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയസംഭവത്തിൽ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ അറസ്റ്റിലായത്. കോയമ്പത്തൂർ പീളമേടിലും, കലൂർ ദേശാഭിമാനി ജംഗ്ഷനിലും, ബംഗളൂരു എം.ജി. റോഡിലും ഒബി.ഒ.ഇ ഓവർസീസ് എജുക്കേഷൻ പ്ലേസ്‌മെന്റ് സർവിസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വിസ കിട്ടാതിരുന്നതിനെ തുടർന്ന് ഉദ്യോഗാർഥികൾ സ്ഥാപനത്തിന്റെ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ കോയമ്പത്തൂരിലെ കോർപ്പറേറ്റ് ഓഫീസിൽ എത്തി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ എല്ലാവരുടെയും പണം തിരികെ നൽകാമെന്ന് കരാർ ഒപ്പിട്ടു നൽകി തിരിച്ചയച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നതിനെ തുടർന്നു വീണ്ടും അവിടെ ചെന്നെങ്കിലും അതിനെതിരെ കമ്പനി കോടതിയിൽനിന്ന് ഇവർ ഓഫീസിൽ പ്രവേശിക്കാതിരിക്കാൻ ഉത്തരവ് വാങ്ങുകയായിരുന്നു. തുടർന്ന് ഇവർ നോർത്ത് പോലീസിൽ പരാതി നൽകിയത്. പലതവണ പോലീസ് പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിൽ മാറിമാറി സഞ്ചരിച്ചിരുന്ന ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാളായ വിഷ്ണു വീട്ടിൽ എത്തിയ വിവരം അറിഞ്ഞ് നോർത്ത് പോലീസ് മട്ടന്നൂർ പോലീസിന്റെ സഹായത്തോടെ ആദ്യം വിഷ്ണുവിനെയും പിന്നീട് കോയമ്പത്തൂരിൽ ഒളിവിൽകഴിഞ്ഞിരുന്ന അരുൺദാസിനെയും ചിത്രയെയും ഒരു രാത്രി മുഴുവൻ അവരുടെ താമസ സ്ഥലത്തിന് സമീപം മഫ്ടിയിൽ കാത്തുനിന്ന് പിടികൂടുകയായിരുന്നു. തുടർന്നാണ് ശാസ്തയെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് തടയാൻ തമിഴ്‌നാട് പോലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
 

Latest News